pragya

ന്യൂഡൽഹി: ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയെ 'ദേശഭക്തൻ' എന്നു വിശേഷിപ്പിച്ചതിന് ഭോപ്പാലിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രജ്ഞാസിംഗ് ഠാക്കൂർ ലോക്‌സഭയിൽ നിരുപാധികം മാപ്പു പറഞ്ഞു. പ്രസ്‌താവനയിൽ പ്രജ്ഞ ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷം തൃപ്‌തരായില്ല. തുടർന്ന് സ്‌പീക്കർ ഇടപെട്ട് നിരുപാധികം മാപ്പു പറയിപ്പിക്കുകയായിരുന്നു. അതേസമയം പ്രജ്ഞയെ രാഹുൽ ഗാന്ധി എം.പി 'ഭീകരപ്രവർത്തക എന്നു വിശേഷിപ്പിച്ചതിനെതിരെ ബി.ജെ.പി രംഗത്തെത്തി.

താൻ ഗോഡ്സെയുടെ പേരു പറഞ്ഞിട്ടില്ലെന്നും എന്നാൽ പ്രസ്‌താവന ചിലർക്ക് ദുഃഖമുണ്ടാക്കിയതിനാൽ ഖേദം പ്രകടിപ്പിക്കുന്നതായും ശൂന്യവേളയിൽ പ്രജ്ഞാസിംഗ് പറഞ്ഞിരുന്നു.

'ഗാന്ധിജിയെ ഞാൻ ബഹുമാനിക്കുന്നു. എന്റെ പ്രസ്‌താവന വളച്ചൊടിച്ചു. എന്നെ ഭീകരവാദി എന്നു വിളിച്ചത് വനിത എന്ന നിലയിലും എം.പി എന്ന നിലയിലും വ്യക്തിത്വത്തെയും മാന്യതയെയും അപമാനിക്കുന്നതാണ്. ആരോപിക്കപ്പെട്ട കേസിൽ തെളിവില്ലെന്ന് കോടതിയിൽ തെളിഞ്ഞിട്ടുണ്ട്'- പ്രജ്ഞ പറഞ്ഞു.

പാർലമെന്റിന്റെ പ്രതിരോധ സമിതിയിൽ നിന്ന് പുറത്താക്കുകയും സമ്മേളനം തീരും വരെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിലക്കുകയും ചെയ്‌ത ബി.ജെ.പി നടപടിക്ക് ശേഷമായിരുന്നു പ്രജ്ഞയുടെ മാപ്പു പറച്ചിൽ.

പക്ഷേ, ഗാന്ധി ഘാതകനെ പാർലമെന്റിൽ ഒരംഗം ന്യായീകരിച്ചത് അംഗീകരിക്കാനാകില്ലെന്നും നിരുപാധികം മാപ്പ് പറയണമെന്നും കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രസ്‌താവന രേഖയിൽ നിന്ന് നീക്കം ചെയ്‌തെന്ന് സ്‌പീക്കർ ഓംബിർള പറഞ്ഞപ്പോൾ മാദ്ധ്യമങ്ങളിലൂടെ ലോകമെങ്ങും വിഷയം ചർച്ചയായിട്ടുണ്ടെന്ന് കോൺഗ്രസ് സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം ആവശ്യമില്ലാതെ വിവാദമുണ്ടാക്കുകയാണെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിശദീകരിച്ചതോടെ പ്രകോപിതരായ പ്രതിപക്ഷം 'ഗോഡ്‌സെ ഡൗൺ ഡൗൺ' മുദ്രാവാക്യം വിളിച്ചു.

പ്രജ്ഞയെ രാഹുൽ 'ഭീകരവാദി" എന്നു വിളിച്ചത് ആയുധമാക്കി ബി.ജെ.പി അംഗങ്ങളും എഴുന്നേറ്റു.

അരമണിക്കൂറോളം സഭ പ്രക്ഷുബ്‌ധമായി.

തുടർന്ന് സഭ രണ്ടര വരെ നിറുത്തിവച്ചു. സ്‌പീക്കർ കക്ഷി നേതാക്കളെ ചേംബറിൽ വിളിച്ച് ചർച്ച നടത്തിയ ശേഷം പ്രജ്ഞയോട് നിരുപാധികം മാപ്പുപറയാൻ ആവശ്യപ്പെടുകയായിരുന്നു. രാഹുലിനെതിരെ പ്രജ്ഞ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവനോടെ കത്തിക്കും

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച പ്രജ്ഞാസിംഗ് ഠാക്കൂർ മദ്ധ്യപ്രദേശിൽ കാലുകുത്തിയാൽ ജീവനോടെ കത്തിക്കുമെന്ന് മദ്ധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എയുടെ ഭീഷണി. ബയോറ എം.എൽ.എ ഗോവർദ്ധൻ ദാംഗിയാണ് പ്രജ്ഞയ്ക്കെതിരെ രംഗത്തെത്തിയത്.