dileep-case-

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നടിയുടെ സ്വകാര്യത മാനിച്ച് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പ്രതിക്ക് കൈമാറാനാകില്ലെന്ന് ജസ്റ്റിസ്‌മാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് വിധിച്ചു. എന്നാൽ ദൃശ്യങ്ങൾ ദിലീപിനോ അഭിഭാഷകർക്കോ വിദഗ്ദ്ധർക്കോ പരിശോധിക്കാം.

കേസിലെ വിചാരണ എത്രയും പെട്ടെന്ന്, കഴിയുമെങ്കിൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണം എന്നും കോടതി നിർദ്ദേശിച്ചു. ഇരയുടേയും ഹർജിക്കാരന്റെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിക്കാനാണ് ഈ വിധിയെന്നും കോടതി പറയുന്നു.

പ്രതിക്ക് ദൃശ്യങ്ങൾ കൈമാറുന്നതിനെ സംസ്ഥാന സർക്കാരും നടിയും എതിർത്തിരുന്നു.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കേസിലെ രേഖയാണെന്ന് പ്രോസിക്യൂഷൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് 58 പേജുകളുള്ള വിധിയിൽ പറയുന്നു. ദൃശ്യങ്ങൾ പ്രധാന രേഖകളിലൊന്നാണ്. വാട്ടർ മാർക്ക് ചെയ്‌ത് ദൃശ്യങ്ങൾ മതിയെന്ന ദിലീപിന്റെ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ വാദം അംഗീകരിക്കാനാകില്ല. സാങ്കേതിക വിദ്യ വളർന്ന കാലത്ത് ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയേറെയാണ്.

2018 ഡിസംബർ 1ന് കേസ് കോടതിയിൽ എത്തിയതാണ്. മെമ്മറി കാർഡ് കേസിൽ വിധി വരും വരെ വിചാരണ ആരംഭിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വിചാരണ നീണ്ടത്.

കോടതിയുടെ പ്രധാന നിർദേശങ്ങൾ

ദിലീപിന് ദൃശ്യങ്ങൾ കാണണമെങ്കിൽ മജിസ്‌ട്രേട്ടിനോട് ആവശ്യപ്പെടാം.

അഭിഭാഷകർക്ക് ഒപ്പമോ, ഐ. ടി. വിദഗ്ദ്ധർക്ക് ഒപ്പമോ ദൃശ്യങ്ങൾ വിചാരണ കോടതിയിൽ വച്ച് ദിലീപിന് കാണാം

ഒന്നോ ഒന്നിലധികമോ തവണയോ ദൃശ്യങ്ങൾ കാണാം

കാണുന്നതിനിടെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പകർത്തുന്നില്ല എന്ന് വിചാരണ കോടതി ഉറപ്പാക്കണം

കൃത്രിമം നടന്നിട്ടുണ്ടോ എന്ന് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി (സി. എഫ്. എസ്. എൽ ) ഉൾപ്പടെയുള്ള സ്വതന്ത്ര ഏജൻസികളെ കൊണ്ട് ദിലീപിന് പരിശോധിപ്പിക്കാം.(കൃത്രിമം നടന്നിട്ടില്ലെന്ന് സ്റ്റേറ്റ് ഫോറൻസിക് ലബോറട്ടറി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു)

ദിലീപ് തെരഞ്ഞെടുക്കുന്ന വിദഗ്ദ്ധർക്ക് പരിശോധിക്കേണ്ട വിഷയങ്ങൾ തയ്യാറാകാം.

സി. എഫ്. എസ്. എൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കാം.

ദൃശ്യങ്ങൾ കാണാനുള്ള അവസരം ഉപയോഗിച്ച് വിചാരണ അനന്തമായി വൈകിപ്പിക്കരുത്

ദിലീപിന്റെ പ്രധാന വാദങ്ങൾ

ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിലേതാണ്.

എഡിറ്റ് ചെയ്‌ത ദൃശ്യങ്ങളുടെ പകർപ്പാണ് അഭിഭാഷകനെ കാണിച്ചത്. ഇതിൽ കൃത്രിമം ഉണ്ട്.

വീഡിയോയിലെ സത്രീ ശബ്ദം നടിയുടേതല്ല.