akkitham
AKKITHAM ACHUTHAN NAMBOOTHIRI

ന്യൂഡൽഹി: വേദോപാസനയുടെ അരണി കടഞ്ഞുണർത്തിയ കവിതയുടെ അഗ്നിയിൽ പുതിയ കാലത്തിന്റെ ഉത്കണ്ഠകളെയും വേദനകളെയും ജ്വലിപ്പിച്ച മഹാകവി അക്കിത്തത്തിന് രാജ്യത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരം. തത്വചിന്തയും സാമൂഹ്യ വിമ‌ർശനവും കാച്ചിക്കുറുക്കി, 'വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം' എന്നെഴുതി മലയാള കവിതയുടെ നെഞ്ചിലേക്ക് ആധുനികതയുടെ തീക്കനൽ കോരിയിട്ട അക്കിത്തം അച്യുതൻ നമ്പൂതിരിയെ തേടി ജ്ഞാനപീഠം എത്തുന്നത് തൊണ്ണൂറ്റിമൂന്നാം വയസ്സിൽ.

പതിനൊന്ന് ലക്ഷം രൂപയും വാഗ്‌ദേവതാ ശില്‌പവുമടങ്ങുന്ന പുരസ്കാരം അക്കിത്തം സാഹിത്യത്തിനു നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ്. കാരുണ്യവും ഭാരതീയ തത്വചിന്തയും മൂല്യങ്ങളും ആധുനികതയും പാരമ്പര്യവും പ്രതിഫലിക്കുന്നതാണ് അക്കിത്തത്തിന്റെ രചനകളെന്ന് നോവലിസ്റ്റ് പ്രതിഭ റായ് അദ്ധ്യക്ഷയായ സമിതി വിലയിരുത്തി. 55ാമത് ജ്ഞാനപീഠ ജേതാവിനെ തിരഞ്ഞെടുത്ത സമിതിയിൽ കവി പ്രഭാവ വർമ്മയും അംഗമായിരുന്നു.

ജി. ശങ്കരക്കുറുപ്പ്, (1965) എസ്.കെ. പൊറ്റെക്കാട്ട് (1980), തകഴി ശിവശങ്കരപ്പിള്ള (1984), എം.ടി. വാസുദേവൻ നായർ (1995), ഒ.എൻ.വി കുറുപ്പ് (2007) എന്നിവർക്കു ശേഷം, ജ്ഞാനപീഠം നേടുന്ന ആറാമത് മലയാളിയാണ് അക്കിത്തം. പാലക്കാട് കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18 നാണ് അക്കിത്തത്തിന്റെ ജനനം. വേദങ്ങളിൽ കവിത കുറുക്കിയ ബാല്യം. ഉണ്ണിനമ്പൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയിലൂടെ പത്രപ്രവർത്തകനായി. കോഴിക്കോട്, തൃശൂർ ആകാശവാണിയിൽ ജോലിചെയ്തു. ദേശീയപ്രസ്ഥാനത്തിലും കേരളീയ നവോത്ഥാനത്തിലും സജീവമായിരുന്നു. സമുദായ നവീകരണത്തിലും പങ്കാളിയായി.

ഒരേസമയം ഭാരതീയ വേദേതിഹാസങ്ങളുടെ ഹൃദയത്തിലേക്കും പരിഷ്‌കരണ ചിന്തകളിലൂടെ ആധുനികതയിലേക്കും ചിറകു വിടർത്തുന്ന കവിതകളിൽ അക്കിത്തം നിറച്ചുവച്ചത് കാലത്തിന്റെ കനലുകളാണ്. കവിത, നാടകം, ചെറുകഥ, ഉപന്യാസം, വിവർത്തനം, ബാലസാഹിത്യം തുടങ്ങിയ ശാഖകളിലായി 55 കൃതികൾ രചിച്ചു. 45 എണ്ണവും കവിതാസമാഹാരങ്ങൾ. വിദേശഭാഷകളിലേക്ക് ഉൾപ്പെടെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2017ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. 1973ൽ കേന്ദ്രസാഹിത്യ അക്കാഡമി പുരസ്കാരം, 1972ലും 1988ലും കേരള സാഹിത്യ അക്കാഡമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മൂർത്തിദേവി പുരസ്‌കാരം, വയലാർ അവാർഡ്, കബീർ സമ്മാൻ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ 'വെളിച്ചം ദു:ഖമാണുണ്ണീ' എന്ന വരികളിൽ നിന്നായിരുന്നു മലയാളകവിതയിൽ ആധുനികതയുടെ അഗ്നിജ്വലനം. ബലിദർശനം, നിമിഷ ക്ഷേത്രം,അരങ്ങേറ്റം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, അക്കിത്തം കവിതകൾ, അന്തിമഹാകാലം എന്നിവ മറ്റ് പ്രധാന കൃതികൾ.

അക്കിത്തത്തിന് ജ്ഞാനപീഠം നൽകാനുള്ള തീരുമാനം ഏകക്ണ്ഠമായിരുന്നുവെന്ന് ജ്ഞാനപീഠ സമിതി ഡയറക്ടർ മധുസൂദൻ ആനന്ദ് പറഞ്ഞു. മലയാളത്തിന്റെ ധന്യതയാണ് അക്കിത്തമെന്ന് പുരസ്‌കാര നിർണയകസമിതി അംഗം പ്രഭാവർമ്മ പറഞ്ഞു.