ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ടീം അസിസ്റ്റന്റ് കോച്ച് ഷൺമുഖം വെങ്കിടേഷിനെ അണ്ടർ 19 ദേശീയ ടീമിന്റെയും ഫുട്ബാൾ ഫെഡറേഷന്റെ ജൂനിയർ ടീമായ ഇന്ത്യൻ ആരോസിന്റെയും പരിശീലകനായി നിയമിക്കാൻ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ഡൽഹിയിൽ ചേർന്ന സാങ്കേതിക കമ്മിറ്റി യോഗം തീരുമാനിച്ചു. സൗദി അറേബ്യയ്‌ക്കെതിരെയുള്ള എ.എഫ്.സി യോഗ്യതാ മത്സരത്തിൽ അണ്ടർ 19ടീമിന്റെ മോശം പ്രകടനമാണ് നിലവിലെ പരിശീലകൻ ഫ്ളോയ്‌ഡ് പിന്റോയ്‌ക്ക് പകരം ഷൺമുഖത്തെ കൊണ്ടുവരാൻ ഫുട്ബാൾ ഫെഡറേഷനെ പ്രേരിപ്പിച്ചത്. അതേസമയം ഇന്ത്യൻ സീനിയർ ടീമിന്റെ പുതിയ ഹെഡ് കോച്ച് ഇഗോർ സ്‌റ്റിമാക്കിന് കീഴിൽ മെച്ചപ്പെടുന്നുണ്ടെന്നും കമ്മിറ്റി വിലയിരുത്തി. വരുന്ന മൂന്ന് യോഗ്യതാ മത്സരങ്ങളിൽ ടീമിനെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് യോഗത്തിൽ പങ്കെടുത്ത ഇഗോർ വിശദീകരിച്ചു.