ന്യൂഡൽഹി: ഫ്ളാറ്റിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന അൻപത്തഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇന്നലെ വടക്കൻ ഡൽഹിയിലെ ഗുലാബി ബാഗിലാണ് അരുകൊല നടന്നത്. സംഭവത്തിൽ അയൽവാസിയും കച്ചവടക്കാരനുമായ ധർമ്മരാജിനെ (24) പൊലീസ് അറസ്റ്റ് ചെയ്‌തു.
ഡൽഹിയിൽ റോഡരികിൽ ചെറിയ ചായക്കട നടത്തുകയായിരുന്നു മദ്ധ്യവയസ്ക. ഇന്നലെ രാവിലെ 9 കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാത്തതിനെത്തുടർന്ന് അയൽവാസിയായ യുവതി ഫ്ലാറ്റിലെത്തിയപ്പോഴാണ് മുറിയിൽ അബോധാവസ്ഥയിൽ അവരെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സി.സി ടിവി പരിശോധിച്ചപ്പോഴാണ് പ്രതി കുടുങ്ങിയത്. ധർമരാജൻ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മദ്ധ്യവയസ്കയുടെ കടയ്‌ക്ക് സമീപം കച്ചവടം ചെയ്തിരുന്ന ധർമ്മരാജ്, ഇവരോട് പണം ആവശ്യപ്പെട്ടെന്നും നൽകാത്തതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ് പീഡനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.