
ന്യൂഡൽഹി: മാനഭംഗത്തിന് ഇരയായ സ്‌ത്രിക്ക് മുൻ ലൈംഗിക അനുഭവമുള്ളത് പരിഗണിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും മാനഭംഗക്കേസ് പ്രതികൾ
യാതൊരു ആനുകൂല്യത്തിനും അർഹരല്ലെന്നും സുപ്രീംകോടതി വിധിച്ചു.
പെൺകുട്ടിയെ തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി റിസ്വാന് അലഹബാദ് ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയാണ് ചീഫ് ജസ്‌റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്‌റ്റിസ്‌മാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
മാനഭംഗത്തിന് മുൻപും പെൺകുട്ടിക്ക് ലൈംഗിക കാര്യങ്ങളിൽ പരിചയമുള്ളതിനാൽ പ്രതിയുമായി ഉഭയസമ്മതപ്രകാരം ബന്ധപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് അലഹബാദ് ഹൈക്കോടതി ജാമ്യം നൽകിയത്. എന്നാൽ ലൈംഗിക ചരിത്രം മാനഭംഗക്കേസ് പ്രതിക്ക് ജാമ്യം നൽകാൻ പര്യാപ്‌തമല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, പ്രതിയോട് നാലാഴ്‌ചയ്‌ക്കുള്ളിൽ മുസാഫർനഗർ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചു.
പെൺകുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം പ്രതിക്കെതിരെ പോസ്‌കോ ചുമത്തിയിട്ടുണ്ട്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടിക്ക് 16 വയസാണെന്നും മുൻപും ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിഭാഗം ജാമ്യഹർജി നൽകിയത്. 1991ൽ ലൈംഗിക തൊഴിലാളി പ്രതിയായ ഒരു കേസിൽ ബോംബെ ഹൈക്കോടതിയുടെ സമാനമായ ഉത്തരവും തള്ളിയത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജീവിതസാഹചര്യങ്ങൾ എന്തായാലും സ്‌ത്രീയുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന അന്നത്തെ വിധിയിലെ വാചകങ്ങളും സുപ്രീംകോടതി ഉദ്ധരിച്ചു.