കോലഞ്ചേരി: ആരോഗ്യ ദായകമാണ് കരിമ്പു ജ്യൂസ്, വഴിയോരക്കടകളിൽ നിന്നും കുടിക്കുമ്പോൾ എട്ടിന്റെ പണി കിട്ടാതെ നോക്കുക. പകൽ ചൂട് ശക്തമായതോടെ ശീതള പാനീയക്കടകൾ വഴിയോരങ്ങളിൽ നിറഞ്ഞു. ദാഹമകറ്റാൻ സാധരണക്കാർ ആശ്രയിക്കുന്നത് ഇത്തരം വഴിയോരക്കടകളിലാണ് എന്നാൽ ഇത്തരം പാനീയങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ജ്യൂസിൽ ചേർക്കുന്ന ഐസാണ് പ്രധാന വില്ലൻ. മിക്കവാറും ജ്യൂസ് കടകളിലൊന്നും വൈദ്യുതി ഉണ്ടാകാറില്ല. ഡീസൽ മോട്ടോറുകളിലാണ് ജ്യൂസ് യന്ത്രം പ്രവർത്തിപ്പിക്കുന്നത്. ഇവിടെ സൂക്ഷിക്കുന്ന ഐസ് ഫ്രീസറിൽ സൂക്ഷിക്കാത്തതിനാൽ പെട്ടെന്ന് അലിഞ്ഞു പോകും. ഇതൊഴിവാക്കാൻ മാരകമായ രാസ വസ്തുക്കൾ ചേർത്താണ് ഐസ് ഉണ്ടാക്കുന്നതെന്നാണ് കണ്ടെത്തൽ. വിവിധ ഇടങ്ങളിൽ ജ്യൂസർ മെഷീൻ സ്ഥാപിച്ച് മൊത്ത വിതരണക്കാർ കരിമ്പും ഐസും എത്തിച്ച് നല്കി അന്യ സംസ്ഥാന തൊഴിലാളികെയാണ് ജ്യൂസ് വില്പനയ്ക്ക് നിയോഗിച്ചിരിക്കുന്നത്. തീർത്തും വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ് ഇവരുടെ ജോലി. റോഡരുകിൽ വച്ച് തന്നെ കരിമ്പിന്റെ തൊലി ചുരണ്ടി കളഞ്ഞ് തുറന്ന അന്തരീക്ഷത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. റോഡിൽ നിന്നും അടിക്കുന്ന പൊടിപടലങ്ങളുൾപ്പടെ പറ്റിപിടിച്ചിരിക്കുന്ന കരിമ്പാണ് മെഷീനിൽ പിഴിഞ്ഞ് ജ്യൂസാക്കി മാറ്റുന്നത്. ഇതിൽ ചേർക്കുന്ന ചെറുനാരങ്ങയും ഇഞ്ചിയുമെല്ലാം സൂക്ഷിച്ചിരിക്കുന്നതും തുറന്ന പാത്രങ്ങളിലാണ്. രോഗവാഹകരായ ഈച്ചകളിരുന്ന് സാംക്രമീക രോഗങ്ങൾ പരക്കാനുള്ള സാധ്യതയുണ്ട് ഇത്തരം വില്പന കേന്ദ്രങ്ങളിലെന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നല്കുന്നുണ്ട്. പഴക്കമേറിയ മോട്ടോറുകൾ ഉപയോഗിച്ചാണ് മിക്ക ഇടങ്ങളിലേയും ജ്യൂസ് മെഷീൻ പ്രവർത്തിപ്പിക്കുന്നത് ഇത് ഗുരുതരമായ പരിസര മലിനീകരണമുണ്ടാക്കുന്നതായും പരാതിയുണ്ട്.

#ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ജ്യൂസിൽ ചേർക്കുന്ന ഐസാണ് പ്രധാന വില്ലൻ. പെട്ടന്ന് അലിഞ്ഞുപോകാതിരിക്കാൻ ഐസുകളിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന് സംശയം ഉയർന്നിട്ടുണ്ട്.