കൊച്ചി: ഫ്ളെെ ഓവർ നിർമ്മാണം പുരോഗമിക്കുന്ന വെെറ്റിലയിലെ സർവീസ് റോഡുകൾ മെച്ചപ്പെടുത്തുന്ന ജോലികൾ അന്തിമഘട്ടത്തിലേയ്ക്ക്. കുണ്ടന്നൂർ-വൈറ്റില, പാലാരിവട്ടം-വൈറ്റില, തൃപ്പൂണിത്തുറ-വൈറ്റില, തമ്മനം - വെെറ്റില റോഡുകൾ സംഗമിക്കുന്ന റോഡുകളിൽ നിലവിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒരുപരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ശിവസുബ്രഹ്മണ്യക്ഷേത്രത്തിന്റെ മുൻഭാഗവും അനുഗ്രഹ ഹോട്ടലിന്റെ മുൻഭാഗവും പൂർണമായും ടെെൽ വിരിച്ച് ഗതാഗതയോഗ്യമാക്കി.അരൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇടപ്പള്ളി, കടവന്ത്ര ഭാഗങ്ങളിലേയ്ക്ക് വലിയ ഗതാഗത തടസമില്ലാതെ കടന്നുപോകാം. പേട്ട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനുള്ള കുരുക്കും കുറഞ്ഞു.
# പൊന്നുരുന്നിയിൽ പണി തീർന്നു
വെെറ്റില പാലം കഴിഞ്ഞുള്ള ഭാഗം മെറ്റൽ ഇട്ട് ബലപ്പെടുത്തി.ഫ്ളൈ ഓവർ നിർമ്മാണം പൂർത്തീകരിച്ച ശേഷമേ ടാറിംഗ് നടത്താൻ കഴിയൂവെന്ന് ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എൻജിനീനിയർ െഎസക്ക് വർഗീസ് പറഞ്ഞു. വെെറ്റില-പൊന്നുരുന്നി ക്ഷേത്രത്തിനു മുന്നിൽ കൂടിയുള്ള റോഡും പൂർണമായി ടാറിംഗ് ചെയ്ത് ബലപ്പെടുത്തി.
# ഫ്രീ ലെഫ്റ്റ് പ്രയോജനമില്ല
വൈറ്റിലയിൽ പലയിടത്തും ഫ്രീ ലെഫ്റ്റ് ഉണ്ടെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. കുണ്ടന്നൂർ ഭാഗത്തു നിന്ന് വന്ന് വൈറ്റില കടന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റുണ്ട്. എന്നാൽ, നേരെ പോകേണ്ട വാഹനങ്ങൾ കൂടി ഇടതുവശത്ത് കൂടി തലങ്ങും വിലങ്ങും പോകുന്നതു കാരണം കടവന്ത്ര ഭാഗത്തേക്ക് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. ഫ്രീ ലെഫ്റ്റിന് തടസം നിൽക്കുന്ന രീതിയിൽ വാഹനം നിർത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ ട്രാഫിക് അധികാരികൾ തയ്യാറായാൽ പ്രശ്നം പരിഹരിക്കാൻ കഴിയും.
# കാൽനടയ്ക്ക് സൗകര്യമേർപ്പെടുത്തി
ഫ്ളൈ ഓവർ നിർമ്മാണം തുടങ്ങിയതോടെ ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്ന കാൽനടയാത്രികർക്ക് പഴയ സിഗ്നൽ ജംഗ്ഷൻ കടക്കാൻ ട്രാഫിക് പൊലീസ് സൗകര്യം ഏർപ്പെടുത്തി. കാൽനടയാത്രക്കാർക്കായി താൽക്കാലിക ഇടവഴി നിർമ്മിച്ചു.
# ഇനി നടപ്പാക്കുന്നവ
ഒരു മാസം കൂടി
ഒരു മാസത്തിനുള്ളിൽ സർവീസ് റോഡുകൾ വീതിക്കൂട്ടി ഗതാഗത തടസം പൂർണമായി ഒഴിവാക്കും. ഇവയുടെ അറ്റകുറ്റപ്പണികൾ ഏറെക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞു.
എെസക് വർഗീസ്,സൂപ്രണ്ടിംഗ് എൻജിനീയർ, ദേശീയപാത വിഭാഗം