sathyasayi
കെ.എൻ.അനന്ദകുമാർ സായി നികേതനിലെ കുട്ടികൾക്കൊപ്പം

സത്യസായി ബാബയുടെ ജന്മദിനാഘോഷം ഇന്ന്

കൊച്ചി : ഭഗവാൻ സത്യസായി ബാബയുടെ 94-ാം ജന്മദിനം എറണാകുളത്ത് സായിഭക്തർ ഒത്തുചേർന്ന് 108 പേരുടെ സംഗീതാർച്ചനയോടെ ആഘോഷിക്കും. കാരുണ്യത്തണൽ വിരിച്ച് കേരളത്തിന് താങ്ങായി നിൽക്കുന്ന സത്യസായി ഓർഫനേജ് ട്രസ്റ്റാണ് സംഗീതാർച്ചനയ്ക്ക് നേതൃത്വം നൽകുന്നത്.

പ്രിയ ആർ. പെെയുടെ നേതൃത്വത്തിൽ മാഞ്ഞൂർ രഞ്ജിത്ത് (വയലിൻ), ജി. കൃഷ്ണകുമാർ (മൃദംഗം), ടി.എസ് രാധാകൃഷ്ണ, ആലപ്പുഴ വിജയകുമാർ, കെ.എക്സ് വിൽസൺ തുടങ്ങി 108 പേർ അണിനിരക്കുന്ന സംഗീത പ്രമാണത്തിന് വെെകിട്ട് 5 ന് ടി.ഡി എം.ഹാളിൽ തുടക്കം കുറിക്കും.

മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഭദ്രദീപം തെളിക്കും. ഹെെബി ഈഡൻ എം.പി., പി.ടി. തോമസ് എം.എൽ.എ., ജില്ലാ കളക്ടർ എസ്. സുഹാസ്, അഡ്വ. ഗോവിന്ദ് കെ. ഭരതൻ എന്നിവരും ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം കെ.എൻ. അനന്ദകുമാറും പങ്കെടുക്കും.

# പടവുകൾ താണ്ടി ട്രസ്റ്റ്

ജീവകാരുണ്യരംഗത്ത് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് സത്യസായി ഓർഫനേജ് ട്രസ്റ്റ്. 300 ലേറെ ജോലിക്കാർ, 1000 ലേറെ അന്തേവാസികൾ, നാലു ലക്ഷം വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ്, കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഗ്രാമം, സമൂഹവിവാഹം തുടങ്ങി നാനാ മേഖലകളിലും സാന്ത്വനസ്പർശവുമായി മാറുകയാണ് സായി ഓർഫനേജ് ട്രസ്റ്റ്.

# സായിനികേതന്റെ പിറവി

തിരുവനന്തപുരത്തെ കവടിയാർ ഗാർഡനിൽ അഞ്ചു കുട്ടികളുമായാണ് സായിനികേതൻ അനാഥാലയം സ്ഥാപിച്ചത്. ഇന്ന് 1100 ലേറെ അന്തേവാസികളുണ്ട്. 250 പേർക്ക് സായിപ്രസാദം ഭവനം സ്നേഹവീടുകളുമൊരുക്കി.

# ട്രസ്റ്റ് പിറന്ന വഴി

1996 ൽ ജസ്റ്റിസ് ജസ്റ്റിസ് ചന്ദ്രശേഖരൻമേനോനും കെ.എൻ അനന്ദകുമാറും ചേർന്നാണ് തിരുവനന്തപുരത്ത് സത്യസായി ഓർഫനേജ് ട്രസ്റ്റ് രൂപീകരിച്ചത്.

ട്രസ്റ്റിന്റെ വളർച്ചയുടെ ചാലകശക്തി സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ. അനന്തകുമാറാണ്. മട്ടാഞ്ചേരി കൂവപ്പാടത്ത് ആലാത്തുകുറ്റി റോഡിൽ കൃഷ്ണവിലാസം ബംഗ്ളാവിൽ ടി.ഡി. നന്ദപ്പൻപിള്ളയുടേയും (പറവൂർ ടി.കെ നാരായണപിള്ളയുടെ സഹോദരിയുടെ മകൻ) ഭാനുമതിയമ്മയമ്മയുടേയും മകനാണ് അദ്ദേഹം.

അമ്മയുടെ കാൻസർ ചി​കി​ത്സാർത്ഥം ചെന്നൈയി​ൽ പോയപ്പോഴാണ് സത്യസായി ബാബയെ കണ്ടത്. പി​ന്നാലെ അമ്മയുടെ അസുഖം അത്ഭുതകരമായി​ ഭേദമായതോടെ കുടുംബം സായിഭക്തരായി.

പ്രമുഖ കയറ്റുമതി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനം ഉപേക്ഷിച്ചാണ് സായി ഓർഫനേജ് ട്രസ്റ്റിന്റെ പൂർണസമയപ്രവർത്തകനായത്. സമ്പാദ്യങ്ങളെല്ലാം ട്രസ്റ്റിനു സംഭാവന നൽകി. ചിത്രകാരൻ രാജാരവിവർമ്മയുടെ കൊച്ചുമകൾ ചിത്രകാരിയായ വിനിതയാണ് ഭാര്യ. ഇളയമകൾ അന്നപൂർണദേവി ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മുഴുവൻ സമയപ്രവർത്തകയാണ്.