# 130 ഓളം വരുന്ന സ്വകാര്യ ബസുകൾ നഗരത്തിൽ സർവീസ് നീട്ടിയാൽ യാത്രാക്ലേശത്തിന് അറുതിയാവും

വൈപ്പിൻ: വൈപ്പിൻ മേഖലയിലെ സ്വകാര്യബസുകൾ നഗരത്തിലേക്ക് സർവീസ് നടത്തുന്നതിന് തയ്യാറാന്നെന്ന് പ്രൈവറ്റ് ബസ് അസോസിയേഷൻ പ്രസിഡന്റ് പി.കെ ലെനിൻ വ്യക്തമാക്കി. ഇതിനുള്ള അനുമതി നല്കണമെന്നാവശ്യപ്പെട്ട് പി.ബി.ഒ എ.എസ് ശർമ്മ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നല്കി. കെ.എസ്.ആർ.ടി.സിയുടെ ബസുകൾ നഗരത്തിൽനിന്ന് വൈപ്പിൻ മേഖലയിലെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് തുടങ്ങിയതിന് വിവിധ സംഘടനകൾ ഗോശ്രീ കവലയിൽ മന്ത്രിക്ക് സ്വീകരണം നല്കിയിരുന്നു. ഈ യോഗത്തിൽ വെച്ച് സ്വകാര്യ ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനായി പഠനസംഘത്തെ നിയോഗിക്കുനമെന്ന് മന്ത്രി ഉറപ്പ് നല്കിയിരുന്നു. ഇതിനെ തുടർന്നാണ് സ്വകാര്യബസ് ഉടമകൾ മന്ത്രിക്ക് നിവേദനം നല്കിയത്.

ഒന്നര പതിറ്റാണ്ട് മുൻപ് എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് മൂന്ന് പാലങ്ങൾ തുറന്ന നാൾ മുതൽ തുടങ്ങിയതാണ് വൈപ്പിൻ ബസുകളുടെ നഗരപ്രവേശനത്തിന് വേണ്ടിയുള്ള വൈപ്പിൻ നിവാസികളുടെ മുറവിളികൾ. ഗതാഗത വകുപ്പും കൊച്ചി സിറ്റി പൊലീസും പലവിധ തടസങ്ങൾ ഉയർത്തി ഈ ആവശ്യം തള്ളുകയായിരുന്നു. എന്നാൽ എസ്.ശർമ്മ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘത്തിന്റെ നിവേദനത്തെ തുടർന്ന് ഈയിടെ നഗരത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി വൈപ്പിനിലേക്ക് നിരവധി സർവീസുകൾ തുടങ്ങിയതോടെ പരിമിതമായ രീതിയിലെങ്കിലും നഗരപ്രവേശനം സാധ്യമായി.