dutch-doc1

കൊച്ചി: മലയാളികളെ വേട്ടയാടിപ്പിടിച്ച് പേരുമാറ്റി ചങ്ങലയ്‌ക്കിട്ട് കപ്പൽകയറ്റി നെതർലാൻഡ്സിലും ആഫ്രിക്കയിലും വരെ കൊണ്ടുപോയി അടിമയാക്കി വിറ്റ ചരിത്രം അറിയേണ്ടേ...ഒന്നേമുക്കാൽ നൂറ്റാണ്ടിനപ്പുറം നടന്ന അടിമക്കച്ചവടത്തിന്റെ ചരിത്രരേഖകൾ തമിഴ്നാട് സർക്കാരിന്റെ ചെന്നൈ ആർക്കൈവിലുണ്ട്.

ഡച്ചുകാർ അധീശത്വം സ്ഥാപിച്ച 1657-1795 കാലത്ത് അന്നത്തെ കൊച്ചി രാജ്യത്തു നിന്ന് നായന്മാരെയും ഈഴവരെയും പുലയരെയും മറ്റ് കീഴാള ജാതിക്കാരെയും ഡച്ച് കോളനികളിലെ അടിമച്ചന്തകളിൽ വിറ്റതിന്റെ രേഖകളാണിവ. വിറ്റവരുടെയും വാങ്ങിയവരുടെയും പേരുവിവരങ്ങൾ വിശദമായും കുറെ അടിമകളുടെ വിവരങ്ങൾ അപൂർണമായും രേഖപ്പെടുത്തിയിരിക്കുന്നു. ഇവരുടെ പിന്മുറക്കാരിലേക്ക് വഴിയൊരുക്കാൻ സാദ്ധ്യതയുള്ള ഈ രേഖകൾ കണ്ടെത്തിയത് ചെറായി രാംദാസ് എന്ന ചരിത്രകുതുകിയാണ്. ചെന്നൈ ആർക്കൈവ്സിൽ അഞ്ചുവർഷം നീണ്ട ഗവേഷണത്തിനിടെ കഴിഞ്ഞവർഷമാണ് ഇവ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

അഞ്ചുമാസം മുമ്പ് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിനെ ഇക്കാര്യം അറിയിച്ചു. തുടർന്ന് പുരാരേഖാവകുപ്പ് തമിഴ്നാട് സർക്കാരുമായി എഴുത്തുകുത്തുകൾ നടത്തിവരികയാണ്.

എല്ലാം ഡിജിറ്റൽ

നെതർലാൻഡ്‌സിലെ ആംസ്റ്റർഡാം യൂണിവേഴ്സിറ്റി ചെന്നൈ ആർക്കൈവ്സിലെ ഡച്ച് രേഖകളെല്ലാം കുറച്ചുനാൾ മുമ്പ് സ്‌കാൻ ചെയ്ത് ഡിജിറ്റലാക്കി കൊണ്ടുപോയിരുന്നു. ഇതിന്റെ പകർപ്പ് ഹാർഡ് ഡിസ്‌കുകളിൽ കൈമാറിയിട്ടുമുണ്ട്. ഇതിന്റെ മറ്റാെരു പകർപ്പ് നിഷ്പ്രയാസം സ്വന്തമാക്കാവുന്നതേയുള്ളൂ. തമിഴ്നാട് ചരിത്രഗവേഷണ, പുരാരേഖാ കമ്മിഷണർക്ക് കത്തെഴുതി കാത്തിരിക്കുകയാണ് നമ്മുടെ പുരാരേഖാ വകുപ്പ്. കഴിഞ്ഞദിവസം റിമൈൻഡറും അയച്ചതായി ഡയറക്ടർ ജെ. രജികുമാർ പറഞ്ഞു.

ഡച്ചുരേഖകൾ

1657 മുതൽ 1825 വരെയുള്ള കേരളത്തിന്റെ, വിശേഷിച്ച് കൊച്ചി രാജ്യത്തിന്റെ ചരിത്രഘട്ടം വിശദമായി ഡച്ച് ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മൊത്തം 1633 ഫയലുകൾ, മൂന്ന് ലക്ഷത്തോളം പേജുകൾ

കൊച്ചിയിലെ അടിമക്കച്ചടവത്തെക്കുറിച്ചുള്ളവ Acten Van Transport എന്ന പേരിലാണ്. 400 പേജുകൾ വീതമുള്ള 27 ഫയലുകളുണ്ട്.

1753 മുതലുള്ള ആറ് പതിറ്റാണ്ടിലെ അടിമക്കച്ചവടത്തിന്റെ വിവരങ്ങൾ.

''കേരളത്തി​ന്റെ രണ്ട് നൂറ്റാണ്ടിലെ അജ്ഞാതചരി​ത്രമാണ് ചെന്നൈയി​ലെ ഡച്ച് രേഖകൾ. ഇതി​ന്റെ പകർപ്പ് കേരളം സ്വന്തമാക്കണം. ചരി​ത്രഗവേഷകർക്ക് അമൂല്യമാണ് ഇവ''

ചെറായി​ രാംദാസ്

ചരി​ത്രഗവേഷകൻ