കോലഞ്ചേരി: കല്യാണ മണ്ഡപം ബുക്ക് ചെയ്യാൻ പോകുമ്പോൾ ഇനി ചെറുക്കന്റെയും പെണ്ണിന്റെയും
പ്രായംകൂടി തെളിയിക്കാൻ രേഖകൾ കരുതേണ്ടി വരും.വധൂവരൻമാരുടെ പ്രായം തെളിയിക്കുന്ന രേഖകളില്ലാതെ വിവാഹമണ്ഡപങ്ങളിലോ ആഡിറ്റോറിയങ്ങളിലോ ബുക്കിംഗ് സ്വീകരിക്കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദ്ദേശം നല്കി. ബാലവിവാഹങ്ങൾ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വധുവിന് 18 ഉം, വരന് 21ഉം വയസ് പൂർത്തിയായെന്നു രേഖാമൂലം ബോദ്ധ്യപ്പെടണം.
പാലക്കാട്, മലപ്പുറം ജില്ലകളിലെ കല്യാണ മണ്ഡപങ്ങളിൽ ബാലവിവാഹങ്ങൾ നടക്കുന്നതായി ചൈൽഡ്‌ലൈൻ അടുത്തിടെ സംസ്ഥാന ബാലാവകാശ കമ്മിഷനെ അറിയിച്ചിരുന്നു.
പരാതികളിലേറെയും വിവാഹശേഷമാണ് ലഭിക്കുന്നതെന്നും നടപടികളെടുക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു ചൈൽഡ്‌ലൈനിന്റെ വിശദീകരണം. തുടർന്ന് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടി. വധൂവരൻമാരുടെ വയസു തെളിയിക്കുന്ന രേഖകൾ കല്യാണ മണ്ഡപങ്ങളിൽ സൂക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. വിവാഹ സർട്ടിഫിക്കറ്റിന് കല്ല്യാണ മണ്ഡപത്തിലെ രേഖകൾ നിർബന്ധമാണ്. വധൂവരന്മാരുടെ ആധാർ, ഫോട്ടോ, കല്ല്യാണക്കുറി തുടങ്ങിയവ വാങ്ങി വച്ചാണ് സർട്ടിഫിക്കറ്റ് നല്കുന്നത്.