എന്താണ് ഹെപ്പറ്റൈറ്റിസ് എന്ന് ചോദിച്ചാൽ, വളരെ ലളിതമായ ഉത്തരം കരളിൽ ഉണ്ടാകുന്ന കട്ടിപ്പ്, അധിക തടിപ്പ് എന്ന് സാമാന്യമായി പറയാം. പലവിധ കാരണങ്ങൾ കൊണ്ട് ഇൗ സ്ഥിതിവിശേഷം രൂപാന്തരപ്പെടാം. വൈറൽ ഇൻഫെക്ഷൻ, അമിത മദ്യപാനം, കരളിൽ അടിയുന്ന കൊഴുപ്പിന്റെ അളവ് കൂടുന്നത്, ഇമ്മ്യൂൺ സിസ്റ്റത്തിന്റെ പ്രവർത്തന കുറവ്, പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയൊക്കെ ഹെപ്പറ്റൈറ്റിസ് എന്ന വിഭാഗത്തിൽപ്പെടുന്ന രോഗത്തിലേക്ക് നയിക്കാം.
ആയുർവേദ വിധി പ്രകാരം കാമല എന്ന രോഗ വിവരണത്തോട്, അതിന്റെ ലക്ഷണവുമായി ഏറെക്കുറെ ഇൗ രോഗത്തെ താരതമ്യപ്പെടുത്തി കാണാം. മുകളിൽ വിവരിച്ചിരിക്കുന്ന കാരണങ്ങളാൽ പിത്തത്തെ ദഹിപ്പിച്ച് രക്തത്തേയും മാംസത്തേയും ദുഷിപ്പിക്കും. ഇതിലൂടെ മൂത്രം, നേത്രം, ത്വക്, നഖം, മലം ഇവയെ മഞ്ഞളിന്റെ നിറമുള്ളതാക്കി തീർക്കാം. അതാേടെ പുകച്ചിൽ, ദഹനമില്ലായ്മ, ദാഹം ഇവയോടുകൂടി ശരീരം ദുർബലപ്പെടുന്നു. പഞ്ചകർമ്മ വിധി പ്രകാരം ദീപന പാചന ഒൗഷധങ്ങൾ കൊടുത്ത് അഗ്നി ബലത്തെ ത്വരിതപ്പെടുത്തിയ ശേഷം സ്നേഹപാനം ചെയ്യിപ്പിക്കണം. ശേഷം പ്രധാന കർമ്മമായി വിരേചനം ചെയ്യിപ്പിക്കണം. വസ്തി, നസ്യം, അഞ്ചനം മുതലായ ക്രിയാകർമ്മങ്ങളുടെ ഉപയോഗം കാമല ചികിത്സയിൽ ഉപകാരപ്രദമായി കണ്ടുവരുന്നു. ശോധന ചികിത്സാ ക്രിയകൾക്ക് ശേഷവും പഥ്യാഹാര വിഹാരാനുഷ്ഠാനങ്ങൾ ശീലിച്ച് പോകേണ്ടതാണ്. കീഴാർനെല്ലി, കടുകരാഹിണി, മരമഞ്ഞൾ, കിര്യാത്ത്, ചിറ്റമൃത്, കറ്റാർവാഴ, ആര്യവേപ്പ്, തിപ്പലി, തഴുതാമ ഇവയുടെ നിത്യ ഉപയോഗം കാമല രാേഗത്തിന് വളരെ ഫലപ്രധാനമായി കണ്ടുവരുന്നു. ത്രിഫല കഷായമാക്കി അതിൽ ത്രികോൽപ്പ ചേർത്ത് സേവിക്കുന്നത് മികച്ച ഒൗഷധമാണ്.
ഡോ. അഖിൽബാബു.ടി
BAM, മെഡിക്കൽ ഓഫീസർ,
നോർത്ത് പറവൂർ.
ഫോൺ: 8762167764.