കൊച്ചി: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷയോടൊപ്പം എസ്.എസ്.എൽ.സി പരീക്ഷ ഇടകലർത്തി നടത്താനുള്ള തീരുമാനം അപ്രായോഗികവും ആപത്കരവുമാണെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടിച്ചേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.

നിരവധി സ്‌കൂളുകളിൽ ഹയർ സെക്കൻഡറി റെഗുലർ, ഓപ്പൺ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് പരീക്ഷാ ഹാളുകൾ ഒരുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ പരീക്ഷകൾ ഒരുമിച്ചു നടത്തുന്നത് പ്രായോഗികമല്ല. പ്രാധാന്യമേറിയ പ്ലസ് ടു പൊതുപരീക്ഷയുടെ രഹസ്യ സ്വഭാവത്തെയും കാര്യക്ഷമതയെയും ബാധിക്കും. നിലവിൽ ഹാളുകൾ കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് സ്‌ക്കൂളധികൃതർ. പുറമെയാണ് നാലു ലക്ഷത്തോളം എസ്.എസ്.എൽ.സി വിദ്യാർത്ഥികളെക്കൂടി പരീക്ഷയെഴുതിപ്പിക്കാനുള്ള അപ്രായോഗിക തീരുമാനം.

ഈ നീക്കം ഉപേക്ഷിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. സാബുജി വർഗീസ് എന്നിവർ സർക്കാറിനോടാവശ്യപ്പെട്ടു.