കൊച്ചി: പി.ആൻഡ്.ടി കോളനി നിവാസികളുടെ ദുരിതജീവിതത്തിന് അടുത്ത കാലത്തൊന്നും ശാപമോക്ഷം ലഭിക്കില്ലെന്ന് ഉറപ്പായി. കൊച്ചി കോർപ്പറേഷന്റെ അധീനതയിലുള്ള കോളനിക്കാരെ പുനരധിവസിപ്പിക്കാൻ വിശാലകൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) പ്രഖ്യാപിച്ച 16.5 കോടി രൂപയുടെ പാർപ്പിടപദ്ധതി ഇപ്പോഴും ഫയലിലാണ്. 2018 ഓഗസ്റ്റിൽ മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയതല്ലാതെ പദ്ധതിപ്രദേശത്തെ മണ്ണുപരിശോധന നടത്താൻ പോലും ജി.സി.ഡി.എയ്ക്ക് കഴിഞ്ഞിട്ടില്ല.
. ശക്തമായി ഒരു മഴ പെയ്താൽ പേരണ്ടൂർ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ഇവരുടെ വീടുകൾ വെള്ളത്തിലാകും. കക്കൂസ് മാലിന്യങ്ങൾ ഒഴുകിനടക്കും. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാകും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് ദിനത്തിലുണ്ടായ മഴയെ തുടർന്ന് ഇവിടെയുള്ളവർ മൂന്നുദിവസം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു .
പദ്ധതി ഇങ്ങനെ
# മുണ്ടംവേലിയിലെ ജി.സി.ഡി.എയുടെ 70 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം
# പി ആൻഡ് ടി കോളനിയിലെ 85 കുടുംബങ്ങൾ ഗുണഭോക്താക്കളാകും
# രണ്ടു ബ്ലോക്കുകളിലായി നാലുനില
# ഓരോ വീടിനും 400 ചതുരശ്ര അടി വിസ്തീർണ്ണം
# ലൈഫ് പദ്ധതിയിൽ നിന്ന് 16.5 കോടി നൽകുമെന്ന് സർക്കാർ
# നിർമ്മാണം വൈകില്ലെന്ന്
പദ്ധതിപ്രദേശത്ത് കെട്ടിടം നിർമ്മിക്കാൻ മികച്ച രീതിയിലുള്ള പൈലിംഗ് ആവശ്യമാണ്. അനുവദിച്ച ഫണ്ട് ഇതിന് പര്യാപ്തമല്ലാത്തതിനാൽ ചെലവ് ചുരുക്കി പൈലിംഗ് നടത്താനുള്ള സാദ്ധ്യതാപഠനം ജി.സി.ഡി.എ നടത്തിയെങ്കിലും ഇത് കെട്ടിടത്തിന് ദോഷമാകുമെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾ ഉടൻ തന്നെ സർക്കാരിനെ അറിയിക്കും. സാങ്കേതിക അനുമതി ലഭിച്ചാൽ ടെൻഡർ നടപടികളെല്ലാം വേഗത്തിലാക്കി പദ്ധതി എത്രയുംവേഗം പൂർത്തിയാക്കും.
വി. സലീം,
ചെയർമാൻ,
ജി.സി.ഡി.എ
# സർക്കാർ പറഞ്ഞുപറ്റിച്ചു
ഈ മഴക്കാലത്തിന് മുമ്പായി പുതിയ പ്ളാറ്റിലേക്ക് മാറാമെന്നായിരുന്നു അധികൃതരുടെ വാഗ്‌ദാനം. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ അടുത്തകാലത്തൊന്നും ഫ്ളാറ്റ് പണി തുടങ്ങുന്ന മട്ടില്ല. ഇനി കാത്തിരിക്കാൻ വയ്യ. മുമ്പ് കോർപ്പറേഷന്റെ മുന്നിലായിരുന്നു സമരം. ഇനി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
ധനലക്ഷ്മി,
പി ആൻഡ് ടി കോളനിയിലെ താമസക്കാരി
85 കുടുംബങ്ങളാണ് ഇവിടെ ദുരിതജീവിതത്തിൽ
പ്രഖ്യാപിച്ചപാർപ്പിടപദ്ധതി
16.5 കോടി രൂപയുടെ