കൊച്ചി : സംസ്ഥാനം ഭരിച്ച വിവിധ സർക്കാരുകൾക്കും കേരള തീരദേശ പരിപാലന അതോറിട്ടിക്കും ഉദ്യോഗസ്ഥർക്കും സംഭവിച്ച വീഴ്ചകളാണ് മരടിൽ ഫ്ളാറ്റുകൾ പൊളിച്ചുനീക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്ന് റിയൽ എസ്റ്റേറ്റ് സംരംഭകരുടെ സംഘടനയായ ക്രെഡായ് ആരോപിച്ചു. ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിടുന്നതിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വ്യക്തതയില്ലാത്ത തീരദേശ പരിപാലന വിജ്ഞാപനം, തീരദേശ പരിപാലന പദ്ധതിയിലെ അപാകത, ആശയക്കുഴപ്പം നിറഞ്ഞ മാനദണ്ഡങ്ങൾ, വിജ്ഞാപനത്തിൽ വന്ന മാറ്റങ്ങൾ എന്നിവയാണ് നിലവിലെ സ്ഥിതി സൃഷ്ടിച്ചത്. ഈ യാഥാർത്ഥ്യങ്ങൾ കോടതി ഉൾപ്പെടെ പരിഗണിച്ചില്ല. മരട് സി.ആർ.ഇസഡ് രണ്ടിലാണോ മൂന്നിലാണോ ഉൾപ്പെടുന്നതെന്ന് പഠിക്കാൻ 2018 നവംബർ 27ന് സുപ്രീംകോടതി മൂന്നംഗസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നാലുപേർ ഉൾപ്പെട്ട ഉപസമിതി രൂപീകരിച്ചു. സുപ്രീംകോടതിയിലെ കേസിൽ വാദികളായ തീരദേശ പരിപാലന അതോറിട്ടിയിലെ രണ്ട് അംഗങ്ങളും ഉപസമിതിയിൽ അംഗങ്ങളായിരുന്നു. സ്വന്തം രക്ഷയ്ക്കായി മരട് സി.ആർ.ഇസഡ് മൂന്നിലാണെന്ന് ഉപസമിതി റിപ്പോർട്ട് ചെയ്തു. 2019 ഫെബ്രുവരി 28 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മരടിനെ സി.ആർ.ഇസഡ് രണ്ടിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം തീരദേശ പരിപാലന അതോറിട്ടി സുപ്രീംകോടതിയിൽ അറിയിക്കാതെ മറച്ചുവച്ച് റിപ്പോർട്ട് നൽകി. ഇതു പ്രകാരമാണ് ഫ്ളാറ്റുകൾ പൊളിക്കാൻ കോടതി ഉത്തരവിട്ടതെന്നും അവർ പറഞ്ഞു..
ക്രെഡായ് ചെയർമാൻ എസ്. കൃഷ്ണകുമാർ, മുൻ ദേശീയ ട്രഷറർ അബ്ദുൾ അസീസ്, മുൻ ദേശീയ വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, കൊച്ചി പ്രസിഡന്റ് രവി ജേക്കബ്, കെ. ശ്രീകാന്ത്, പി.ഇസഡ്. തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.