കോലഞ്ചേരി: പ്രളയത്തിൽ തകർന്ന വലമ്പൂർ പെരിയാർവാലി അക്വഡക്ട് പാലം പുനർ നിർമ്മിക്കുന്നു. 2018 ലെ ആദ്യ പ്രളയത്തിലാണ് പാലം തകർന്നത്. പുനർനിർമ്മിക്കാൻ ജലവിഭവ വകുപ്പ് 55 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അറിയിച്ചു. മൂവാറ്റുപുഴയാറിലുണ്ടായ വെള്ളപ്പൊക്കം പെരുവുംമൂഴി തോടും നിറഞ്ഞ് കവിഞ്ഞതോടെ വെള്ളം കുത്തിയൊലിച്ചാണ് പാലവും റോഡും തകർന്നത്.
ഐക്കരനാട് പഞ്ചായത്തിനെയും മഴുവന്നൂർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ഇത്. പാലം തകർന്നതോടെ കടയിരുപ്പ്-പുത്തൻകുരിശ് മേഖലയിലേക്ക് പോകേണ്ട യാത്രക്കാർ കിലോ മീറ്ററുകൾ ചുറ്റി മഴുവന്നൂർ വഴിയാണ് യാത്ര ചെയ്തിരുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കിയ പാലത്തിന്റെ നിർമ്മാണം ഇന്ന് (തിങ്കളാഴ്ച) തുടങ്ങും