കൊച്ചി : വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ നടപടിയെടുക്കുമെന്നും

സർക്കാരിനു വേണ്ടി സീനിയർ ഗവ. പ്ളീഡർ ബോധിപ്പിച്ചു.

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജോർജ് വട്ടുകുളം നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ്

സർക്കാർ ഇക്കാര്യം ബോധിപ്പിച്ചത്.

വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ കേസിൽ പൊതുതാത്പര്യ ഹർജിയിലൂടെ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൊതുതാൽപര്യ ഹർജി തള്ളി.

സെഷൻസ് കോടതി വിചാരണ നടത്തി വിധിപറഞ്ഞ കേസായതിനാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി തുടരന്വേഷണം ആവശ്യപ്പെടുന്നതാണ് നിയമപരമായ നടപടിക്രമമെന്ന് സി.ബി.ഐ അഭിഭാഷകൻ ബോധിപ്പിച്ചു. വിധിപറഞ്ഞ കേസിൽ അപ്പീൽ നൽകാൻ കേസിൽ കക്ഷിയല്ലാത്ത പൊതുതാത്പര്യ ഹർജിക്കാരന് നിയമപരമായി സാധിക്കില്ലെന്നും സി.ബി.ഐ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇൗ വാദങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതി ഹർജി തള്ളിയത്.

വാളയാറിലെ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായെന്ന വസ്തുത കണക്കിലെടുക്കാതെ പൊലീസ് ആത്മഹത്യാ കേസായിട്ടാണ് പരിഗണിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

എന്നാൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിലുള്ള ഹർജിയാണിതെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. മാദ്ധ്യമ വാർത്തകളുടെ നിജസ്ഥിതി അറിയാൻ ഹർജിക്കാരൻ എന്തു ചെയ്‌തെന്ന് ചോദിച്ച ഹൈക്കോടതി പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പൊതുതാത്പര്യഹർജി നൽകാനാവില്ലെന്നും വാക്കാൽ പറഞ്ഞു. ഇത്തരം കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനും ഇരകൾക്കും ബന്ധുക്കൾക്കും ക്രിമിനൽ നടപടി ചട്ടപ്രകാരം പരിഹാരം തേടാം. പൊതുതാത്പര്യ ഹർജിയിലൂടെ ഇൗ വിഷയത്തിൽ ഇടപെടാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്ന് ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും അതനുവദിച്ചില്ല. ഇതേ വിഷയത്തിൽ ഇനിയും കേസുകൾ വന്നേക്കാമെന്ന് വ്യക്തമാക്കിയാണ് ഹർജിതള്ളി വിധി പറഞ്ഞത്.