കിഴക്കമ്പലം: റൂറൽ എസ്.പിരംഗത്തിറങ്ങി, പൊലീസ് സ്റ്റേഷനിൽ കുന്നു കൂടിയ വാഹനങ്ങൾ നീക്കം ചെയ്യും.

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പിടികൂടിയ വാഹനങ്ങൾ ഉടമകൾ തിരിച്ചെടുക്കാത്തതിനെ തുടർന്ന് കുന്നു കൂടിയെന്ന 'കേരള കൗമുദി ' വാർത്തയെ തുടർന്നാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ തിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടിഓരോ ദിവസവും അറിയിക്കണമെന്നാണ് ആലുവ റൂറൽ എസ്.പി കെ കാർത്തിക് നിർദ്ദേശിച്ചത്. കൂടാതെ ദിവസവും രാവിലെ നടക്കുന്ന സാഡെയിൽ ( പൊലീസ് ഉദ്യോഗസ്ഥരുമായി ദിവസവും വയർലെസ് വഴിയുള്ള വിവര ശേഖരണം ) കൃത്യമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇക്കാര്യം അറിയിക്കുകയും വേണമെന്നും എസ്. പി നിർദ്ദേശിച്ചു . പൊലീസ് സ്റ്റേഷൻ പരിസരം ക്ലീനാക്കിയെ അടങ്ങൂ എന്ന വാശിയിലാണ് എസ്.പി. വരും ദിവസങ്ങളിൽ സ്റ്റേഷനുകളിൽ നേരിട്ടെത്തി പരിശോധിക്കാനാണ് എസ്.പി യുടെ തീരുമാനം.വിവിധ കേസുകളിലായി പിടിച്ചെടുത്ത നൂറുകണക്കിന് വാഹനങ്ങളാണ് കേസുകൾ തീർപ്പായതും, തീർപ്പാക്കാനുള്ളതുമായി സറ്റേഷനിൽ തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്നത്. ആക്രി വിലയ്ക്ക് പോലും വില്ക്കാൻ കഴിയാത്ത സ്ഥിയിലാണ് ഓരോ വാഹനത്തിന്റെയും അവസ്ഥ.

ഉടമയ്ക്ക് മടക്കി എടുക്കാം

കേസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ വാഹനം ഉടമയ്ക്ക് മടക്കി എടുക്കാം. അപകടസംബന്ധമായ കേസുകളാണെങ്കിൽ വിധി പൂർണമായാൽ കോടതി വഴി ഉടമക്ക് വാഹനം തിരികെ ലഭിക്കും. എന്നാൽ വാഹനങ്ങൾ പലപ്പോഴും തിരിച്ചെടുക്കാൻ ഉടമകൾ വരാറില്ല. ഇതുകാരണമാണ് സ്‌​റ്റേഷൻ പരിസരങ്ങളിൽ ഇവ കുന്നു കൂടി കിടക്കുന്നത്.

പുലിവാൽ പേടിച്ച്

പല വാഹന ഉടമകളും വാഹനം പിടിക്കപ്പെട്ടെന്ന നോട്ടീസ് കിട്ടുമ്പോഴാണ് അറിയുന്നത്. വാഹനം വില്ക്കുമ്പോൾ ആർ.സി ബുക്കിൽ പേരു മാറ്റാത്തതാണ് കാരണം .അതു കൊണ്ടു തന്നെ പുലിവാലു പിടിക്കാതിരിക്കാൻ തിരിഞ്ഞ് നോക്കില്ല .ഇത്തരം വാഹനങ്ങളാണ് ലേലം ചെയ്യാൻ തീരുമാനിക്കുന്നത്.

നടപടികളുടെ ഭാഗമായി

വാഹനങ്ങളുടെ ഉടമകൾക്ക് രജിസ്റ്റേർഡ് നോട്ടീസ് അയച്ചു തുടങ്ങി

നോട്ടീസ് ലഭിച്ച് നിശ്ചിത ദിവസം കഴിഞ്ഞ് എത്താത്ത വാഹനങ്ങൾ ലേലം ചെയ്യുന്നതിന്റെ ഭാഗമായി മതിപ്പ് വില കണക്കാക്കാൻ ജോ ആർ.ടി. ഒ യ്ക്ക് റിപ്പോർട്ട് നല്കും

ഇതേ റിപ്പോർട്ട് കോടതിക്ക് നല്കി ലേലം ചെയ്യാനുള്ള അനുമതി വാങ്ങും.

രണ്ട് റിപ്പോർട്ടുകളും എസ്.പി ഓഫീസിലേയ്ക്കയച്ച് ലേല നടപടികൾ തുടങ്ങും.

ഓരോ ദിവസവുംവാഹനങ്ങൾ തിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടിപൊലീസ് ഉദ്യോഗസ്ഥർ അറിയിക്കണം

നടപടി'കേരള കൗമുദി ' വാർത്തയെ തുടർന്ന്