കൊച്ചി: പാലക്കാട് ഗവ. മെഡി. കോളേജിൽ നടന്ന സംഭവം തനിക്കുണ്ടാക്കിയ വേദനയ്ക്കും അപമാനത്തിനും കണക്കില്ലെന്ന് നടൻ ബിനീഷ് ബാസ്റ്രിൻ.വിഷമം തോന്നിയെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നതായി സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ. അപമാനിതനായതിൽ പ്രതിഷേധിച്ച് വേദിയിൽ, നിലത്തിരുന്ന് ബിനീഷിന്റെ പ്രതിഷേധവും കവിതയും. പ്രശ്നത്തിൽ ഫെഫ്‌കയുടെ ഇടപെടലും മനുഷ്യാവകാശ കമ്മിഷന്റെ കേസും! ഒരു കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങിൽ അരങ്ങേറിയത്, സംഘടകരുടെ 'തിരക്കഥ'യിൽ ഇല്ലാതിരുന്ന രംഗങ്ങൾ.
വിവാദങ്ങളുടെ തുടക്കം ഇങ്ങനെ. കോളേജ് ദിനാഘോഷത്തിന് മുഖ്യാതിഥിയായി പാലക്കാട് ഗവ. മെഡി. കോളേജ് യൂണിയനും പ്രിൻസിപ്പലും ബിനീഷ് ബാസ്റ്റിനെ ക്ഷണിക്കുന്നു. ബിനീഷ് സമ്മതിക്കുന്നു. ചടങ്ങിൽ കോളേജ് മാഗസിൻ പ്രകാശിപ്പിക്കുന്നത് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ. മുഖ്യാതിഥിയായി ബിനീഷ് ഉണ്ടെന്നു കേട്ടപ്പോൾ, തന്റെ സിനിമയിൽ അവസരം ചോദിച്ചു നടക്കുന്ന മൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ തന്നെ കിട്ടില്ലെന്ന് അനിൽ പറഞ്ഞതായി സംഘാടകർ അറിയിച്ചതാണ് ബിനീഷിന്റെ സങ്കടം. സംവിധായകൻ എത്തില്ലെന്നു പേടിച്ച് സംഘാടകർ ഓടിപ്പിടിച്ച്, പരിപാടിക്ക് ഒരു മണിക്കൂർ മുമ്പ് ബിനീഷ് താമസിക്കുന്ന ഹോട്ടലിലെത്തി കാര്യം പറഞ്ഞു- ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം വന്നാൽ മതി!
ബിനീഷ് വിട്ടില്ല. സമയത്തു തന്നെ ചെന്നു. അനിൽ രാധാകൃഷ്ണ മേനോൻ പ്രസംഗിക്കുന്നതിനിടെ ബിനീഷ് നിലത്ത് കുത്തിയിരുന്നു. നാലുവരി കവിതയും ചൊല്ലി:
"മതമല്ല, മതമല്ല പ്രശ്നം,
എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം,
ഏതു മതക്കാരൻ എന്നതല്ല പ്രശ്നം,
ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്
ഞാനും ഒരു മനുഷ്യനാണ്..."
പാലക്കാട്ടെ സംഭവത്തിൽ സംവിധായകൻ രാധാകൃഷ്ണ മേനോനോട് സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക വിശദീകരണം ചോദിക്കുകയും, മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും ചെയ്തതോടെ കഥ മാറി. സോഷ്യൽ മീഡിയ വിവാദം ഏറ്റെടുത്തു. അനിൽ രാധാകൃഷ്ണ മേനോന്റെ
മറുപടി തൃപ്തികരമല്ലെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
സംഭവത്തിലെ മനുഷ്യാവകാശ ലംഘന വിഷയത്തിൽ പാലക്കാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, അനിൽ രാധാകൃഷ്ണ മേനോൻ, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ എന്നിവർക്കെതിരെയാണ് മനുഷ്യാവകാശ കമ്മിഷന്റെ കേസ്.
ഞാൻ പണിയെടുക്കുന്നയാൾ:
ബിനീഷ് ബാസ്റ്റിൻ
വ്യാഴാഴ്ച രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. അത്രയ്ക്ക് സങ്കടമുണ്ട്. അദ്ദേഹം ഇങ്ങനെ പെരുമാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. സാധാരണക്കാരനായ ഒരാൾക്കൊപ്പം വേദി പങ്കിടില്ലെന്നു പറഞ്ഞതിന്റെ കാരണം മാത്രം അറിഞ്ഞാൽ മതി. പത്തിൽ തോറ്റയാളാണ് ഞാൻ. കൂലിപ്പണി ചെയ്തിട്ടുണ്ട്. അവിടെനിന്നാണ് സിനിമയിൽ വന്നത്. എന്നെ ഇഷ്ടപ്പെടുന്നതു കൊണ്ടാണ് പരിപാടികളിലേക്ക് വിളിക്കുന്നത്.
ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല:
അനിൽ രാധാകൃഷ്ണ മേനോൻ
പരിപാടിയിൽ മറ്റാരെങ്കിലും പങ്കെടുക്കുന്നുണ്ടെങ്കിൽ വരില്ലെന്നാണ് ഞാൻ പറഞ്ഞത്. മറ്റൊരാളുടെ പരിവേഷം പങ്കുവയ്ക്കാൻ താത്പര്യമില്ല. മറ്റാരുമില്ലെന്ന് പറഞ്ഞതുകൊണ്ട് സമ്മതിച്ചു. പിറ്റേന്നാണ് ബിനീഷ് ബാസ്റ്റിൻ പങ്കെടുക്കുന്ന കാര്യം സംഘാടകർ അറിയിച്ചത്. ബിനീഷ് ആയതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് പറഞ്ഞിട്ടില്ല. പേരിനൊപ്പം മേനോൻ എന്നുള്ളതിന്റെ പേരിൽ സവർണനായി മുദ്ര കുത്തരുത്. ബിനീഷിനെ ഇഷ്ടമാണ്. അടുത്ത സിനിമയിൽ ബിനീഷിന് ചെറിയ വേഷം എഴുതിവച്ചിട്ടുണ്ട്.