# ഉദ്ഘാടനം നാളെ
വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പി.കെ. പ്രഭാകരൻ റോഡിന് സമീപം മാലിന്യക്കൂമ്പാരമായിരുന്ന സ്ഥലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിച്ച കെട്ടിടം വായനശാലയായി നാടിന് സമർപ്പിക്കുന്നു. ജനകീയ ഐക്യത്തിന്റെയും സഹകരണത്തിന്റെയും ഉത്തമ മാതൃകയായി മാറിയ വായനശാലാ മന്ദിരത്തിന് എല്ലാവരും കൂടി നൽകിയ പേരാണ് ' അക്ഷരോദ്യാനം'. സമീപത്തുകൂടി പോകുന്നവരൊക്കെ മൂക്കുപൊത്തി നടന്നിരുന്നയിടമാണ് ഇപ്പോൾ മനോഹാരിത നിറഞ്ഞ അക്ഷരോദ്യാനമായി മാറിയത്.
അക്ഷരോദ്യാനത്തിന്റെയും ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാൻ നാളെ വൈകിട്ട് 3ന് ഹൈബി ഈഡൻ എം.പി, എസ്. ശർമ്മ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, ജില്ലാ പഞ്ചായത്ത് അംഗം റോസ് മേരി ലോറൻസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാൽ, വാർഡ്‌മെമ്പർ സി.ജി. ബിജു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, നാടക രചയിതാവ് പ്രമോദ് മാലിപ്പുറം, നോവലിസ്റ്റ് ബേബി ജോസഫ്, സംഘാടകസമിതി ചെയർമാൻ വി.എ. സ്റ്റാൻലി, ജനറൽ കൺവീനർ കെ.ജെ. റോയി തുടങ്ങിയവർ എത്തും. ഉദ്ഘാടന സമ്മേളനത്തിനുശേഷം കലാപരിപാടികൾ അരങ്ങേറും.