# പകുതിയോളം പേർ ക്യാമ്പ് വിട്ടു
വൈപ്പിൻ: കാറ്റിലും മഴയിലും വൈപ്പിൻമേഖലയിലെ നായരമ്പലം, ഞാറക്കൽ, എടവനക്കാട്, പുതുവൈപ്പ് ഭാഗങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് വിവിധ ക്യാമ്പുകളിൽ കഴിഞ്ഞവരിൽ പകുതിയോളം ഇന്നലെ ക്യാമ്പുകൾ വിട്ട് വീടുകളിലേക്ക് മടങ്ങി. ഇന്നലെ പകൽ മുഴുവൻ വെയിൽ തെളിഞ്ഞത് ആശ്വാസമായി. നായരമ്പലം ദേവി വിലാസം സ്‌കൂളിൽ 210 കുടുംബങ്ങളിലായി 550 പേരും എടവനക്കാട് ഗവ. യു.പി. സ്‌കൂളിൽ 76 കുടുംബങ്ങളിലായി 175 പേരും ഞാറക്കൽ ഗവ. ഫിഷറീസ് സ്‌കൂളിൽ 42 കുടുംബങ്ങളിലായി 170 പേരും ഞാറക്കൽ അസീസി പബ്ലിക് സ്‌കൂളിൽ 12 കുടുംബങ്ങളിലായി 48 പേരുമാണ് ഇന്നലെ രാവിലെവരെ ക്യാമ്പുകളിൽ തങ്ങിയിരുന്നത്.
ഇവരിൽ എടവനക്കാട് ക്യാമ്പിൽ നിന്ന് പകുതിയോളം പേർ ക്യാമ്പൊഴിഞ്ഞു. എന്നാൽ മൂരിപ്പാടം ഭാഗത്തുള്ളവർ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. ഞാറക്കലിലെ ക്യാമ്പുകളിലുള്ളവർ ഭൂരിപക്ഷം പേരും മടങ്ങി. എന്നാൽ നായരമ്പലം ക്യാമ്പിലുള്ളവർ ക്യാമ്പിൽതന്നെ തുടരുന്നുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വില്ലേജ് ഓഫീസർമാരുടെയും ജനപ്രതി നിധികളുടെയും നേതൃത്വത്തിൽ എല്ലാ സൗകര്യവും ഒരുക്കുന്നുണ്ട്.