kca

കൊച്ചി : ഒാംബുഡ്സ്‌മാന്റെ സേവന വേതനം സംബന്ധിച്ച് തെറ്റായ കണക്കുകൾ നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് മുൻ ഒാംബുഡ്സ്‌മാൻ റിട്ട. ജസ്റ്റിസ് വി. രാംകുമാർ ഹൈക്കോടതിയിൽ അഡിഷണൽ സത്യവാങ്മൂലം നൽകി. ജസ്റ്റിസ് വി. രാംകുമാറിനെ ഒാംബുഡ്സ്‌മാന്റെ പദവിയിൽ നിന്ന് മാറ്റിയതിനെതിരെ കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ രണ്ട് ക്ളബ് ഭാരവാഹികളായ ജി. കുമാർ, ബെർട്ട് ജേക്കബ് എന്നിവർ നൽകിയ ഹർജിയിലാണ് അഡിഷണൽ സത്യവാങ്മൂലം നൽകിയത്. ഒാംബുഡ്സ്‌മാനായി റിട്ട. ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥിനെ നിയമിച്ച വിവരം ജസ്റ്റിസ് രാംകുമാറിനെ രേഖാമൂലം അറിയിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ ഒാഫീസിൽ അതിക്രമിച്ചു കയറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നേരത്തെ കെ.സി.എ സെക്രട്ടറി ശ്രീജിത്ത്. വി. നായർ സത്യവാങ്മൂലം നൽകിയിരുന്നു. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ഒന്നര കോടിയിലേറെ രൂപ ഒാംബുഡ്സ് മാന്റെ ഒാഫീസ് പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചെന്നും വെറും എട്ടു കേസുകളാണ് തീർപ്പാക്കിയതെന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് റിട്ട. ജസ്റ്റിസ് വി. രാംകുമാർ അഡിഷണൽ സത്യവാങ്മൂലം നൽകിയത്.

2017- 18 കാലയളവിലേക്ക് 81.06 ലക്ഷം രൂപയുടെ ചെലവു പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് കെ.സി.എയ്ക്ക് നൽകിയത്. ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇക്കാലയളവിൽ ശമ്പളമുൾപ്പെടെയുള്ള മുഴുവൻ ചെലവും 65.29 ലക്ഷം രൂപ മാത്രമാണ്. 2018 - 19 ലേക്ക് 80.71 ലക്ഷം രൂപയുടെ ബഡ്ജറ്റ് നൽകിയെങ്കിലും ചെലവ് 68.20 ലക്ഷം രൂപയാണ്. ആകെ ചെലവ് 1.33 കോടി രൂപയാണെന്നിരിക്കെ തുക പെരുപ്പിച്ചു കാട്ടി മുൻവിധിയുണ്ടാക്കാനാണ് കെ.സി.എ ശ്രമിക്കുന്നത്. ഒാംബുഡ്സ്‌മാൻ ഉൾപ്പെടെയുള്ളവരുടെ സേവന വേതന വ്യവസ്ഥകളും ചെലവും അംഗീകരിച്ച് തുക അനുവദിച്ചശേഷം ചെലവ് കൂടുതലാണെന്ന ആരോപണം ഉന്നയിക്കുന്നത് ന്യായമല്ല.

കെ.സി.എ ഭാരവാഹികളും അഭിഭാഷകനും വസതിയിലെത്തി അനാവശ്യ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പറയുന്നത് കള്ളമാണ്. കെ.സി.എയാണ് ഇവരെ നിയമിച്ചത്. എട്ടു കേസുകൾ മാത്രമാണ് തീർപ്പാക്കിയതെന്ന ആരോപണവും ശരിയല്ല. വെബ്സൈറ്റിലൂടെ ധാരാളം പരാതികൾ ലഭിച്ചിരുന്നു. ഇതിൽ ഭൂരിപക്ഷം പരാതികളിലും കേസെടുക്കേണ്ടിവന്നില്ല. സ്വമേധയാ പരിഗണിച്ച കേസുകളുമുണ്ട്. 2017 ൽ ഒമ്പതുകേസുകൾ സ്വമേധയാ പരിഗണിച്ചു. എട്ടെണ്ണം തീർപ്പാക്കി. 2018 ൽ എട്ടുകേസുകൾ സ്വമേധയാ എടുത്തു പരിഗണിച്ചു തീർപ്പാക്കി. ഇക്കൊല്ലം 24 കേസുകൾ സ്വമേധയാ എടുത്തു. ഇതിൽ 11 കേസുകൾ തീർപ്പാക്കി. ഇതൊക്കെ മറച്ചുവെച്ചാണ് കെ.സി.എ സത്യവാങ്മൂലം നൽകിയതെന്നും രാംകുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.