കൊച്ചി: മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചെങ്കിലും മലയാളിക്ക് ഇപ്പോഴും തന്റെ ഭാഷയോട് ഉപേക്ഷയുണ്ടെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തെ വ്യാവഹാരികഭാഷയായും ഭരണ ഭാഷയായും തീർക്കാനുള്ള ഇച്ഛാശക്തി ബന്ധപ്പെട്ടവർ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച മലയാള ഭാഷാദിനാചരണ വാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
• എഴുത്തുകാരന്റെ ചിന്തകളെ ആരോ നിയന്ത്രിക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് സാഹിത്യകാരൻ സേതു പറഞ്ഞു. 'ആവിഷ്‌കാരവും സ്വാതന്ത്ര്യവും, മലയാളികളുടെ വിചാര ലോകം' എന്നീ വിഷയങ്ങളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പല ലോകരാജ്യങ്ങളിലും ഇന്ന് ഏകാധിപത്യ ശക്തികൾ വളർന്നു വരുന്നു. ജനാധിപത്യത്തിന്റെ മാർഗത്തിലൂടെയാണ് ഇത്തരം ശക്തികളുടെ കടന്നു വരവ്. ഏകാധിപത്യ ശക്തികൾ ഭയപ്പെടുന്നത് തുറന്ന സംഭാഷണങ്ങളേയാണ്. അതിപ്പോൾ 'മൻ കീ ബാത്ത്' ആയാലും ഇതു തന്നെയാണ് അവസ്ഥ. അടൂർ ഗോപാലകൃഷ്ണൻ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ സംഭവത്തിൽ കേസെടുത്തതിന് താനുൾപ്പെടുന്ന ഇന്ത്യൻ ഓതേഴ്‌സ് ഫോറം പ്രതിഷേധിച്ചിരുന്നു. സച്ചിതാനന്ദൻ മുൻകൈയെടുത്ത് പ്രതിഷേധ പ്രമേയം തയ്യാറാക്കി പ്രമുഖരായ എഴുത്തുകാർക്ക് അയച്ചു. എന്നാൽ, 16 പേർ മാത്രമാണ് ഇതിനോട് പ്രതികരിച്ചത്. കേസ് വരുമോ എന്ന പേടിയാകാം കൂടുതൽ പേർ പ്രതികരിക്കാത്തതിന് കാരണമെന്നും സേതു പറഞ്ഞു.
• നമ്മുടെ സമുദായങ്ങൾ എഴുത്തുകാരെ പങ്കിട്ടെടുത്തിരിക്കുകയാണെന്ന് അദ്ധ്യക്ഷനായ സി. രാധാകൃഷ്ണൻ പറഞ്ഞു.
• അഞ്ചാം ക്ലാസ്സ് വരെ സ്വന്തം മാതൃഭാഷയിൽ തന്നെയായിരിക്കണം വിദ്യാഭ്യാസം നൽകേണ്ടത്, ഇതിന് യഥാർത്ഥ ഭാഷാ സ്‌നേഹികളുടെ സഹായം തേടണമെന്നും ഗ്രേസി പറഞ്ഞു.
സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. ടി.എൻ. വിശ്വംഭരൻ, പി.യു. അമീർ എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന കവി സമ്മേളനം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ഗോപകുമാർ അദ്ധ്യക്ഷനായി. അയ്മനം രവീന്ദ്രൻ, കലൂർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.