കൊച്ചി: സ്ത്രീകളാണ് സിനിമയുടെ ഭാവിയെന്ന് ശ്രീലങ്കൻ നടിയും സംവിധായികയുമായ മാലിനി ഫൊൻസേക പറഞ്ഞു. എറണാകുളം സെൻറ് തെരേസാസ് കോളജിൽ മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ.(മാക്ട) സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ചലച്ചിത്രമേള (എം.ഡബ്ലൃു.ഐ.എഫ്.എഫ് 19) ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.കേരളത്തിൽ നിന്നും അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്രകാരികൾ ഉയർന്നുവരേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ സീമ ബിശ്വാസ് അദ്ധ്യക്ഷയായിരുന്നു. തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, നിർമാതാവ് ആനന്ദ് പയ്യന്നൂർ, കോളേജ് ഡയറക്ടർ സിസ്റ്റർ വിനീത, പ്രിൻസിപ്പൽ ഡോ.സജിമോൾ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. മാക്ട ചെയർമാനും സംവിധായകനുമായ ജയരാജ് സ്വാഗതവും ജനറൽ സെക്രട്ടറി സുന്ദർദാസ് നന്ദിയും പറഞ്ഞു.
മർവ സെയിൻ സംവിധാനം ചെയ്ത സുഡാനി ചിത്രമായ ഖർത്തൂം ഓഫ്‌സൈഡ് ആയിരുന്നു ഉദ്ഘാടന ചിത്രം. തുടർന്ന് ജീവ കെ.ജെ സംവിധാനം ചെയ്ത മലയാള ചിത്രമായ റിക്ടർ സ്‌കെയിൽ, കംല അബു സിക്രിയുടെ ഈജിപ്ഷ്യൻ ചിത്രമായ ബാഡ് ബാഡ് വിൻറർ, അപർണ സെൻ ഒരുക്കിയ ബംഗാളി ചിത്രം 15 പാർക്ക് അവന്യൂ എന്നിവയും പ്രദർശിപ്പിച്ചു. മാലിനി ഫൊൻസേകയുമായി സംവാദം, പാനൽ ചർച്ച എന്നിവയും നടന്നു.

# മേളയിൽ ഇന്ന്

ഇന്ന് അപർണ സെന്നിൻെറ 36 ചൗരംഗി ലെയിൻ(രാവിലെ 9), സോഫീ ബൂട്രോസിന്റെ (ലെബനൻ) സോളിറ്റൈർ(11.30), സ്പാനിഷ് സംവിധായിക എലേന ട്രേപിന്റെ ഡിസ്റ്റൻസസ്(2.), പലസ്തീനിയൻ ചിത്രമായ മായി മസ്രിയുടെ 3000 നൈറ്റ്‌സ്(4.), തുർക്കി ചിത്രമായ അൻദ ഹസ്‌നേദാരോലുവിന്റെ ദി ഗസ്റ്റ്(6) എന്നിവ പ്രദർശിപ്പിക്കും. ഞായറാഴ്ച മേള സമാപിക്കും