കൊച്ചി: ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും എല്ലാ ഉദ്യോഗസ്ഥരും മലയാളം അറിഞ്ഞിരിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മലയാള ഭാഷയിൽ ഫയലുകൾ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്ന ഓഫീസാണ് കാക്കനാട് സിവിൽ സ്റ്റേഷൻ. ജില്ലയിലെ താലൂക്കുകളെ ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസ് സംവിധാനം നാല് മാസത്തിനുള്ളിൽ ഇത് പൂർത്തിയാകും. റീ ബിൽഡ് കേരളയിലും ലൈഫ് മിഷൻ പദ്ധതിയിലും ജില്ല ഒന്നാമതാണെന്നും കളക്ടർ പറഞ്ഞു.
സർക്കാർ ഓഫീസുകളിലെ ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്നും ജീവനക്കാർ കണ്ടുമുട്ടുന്ന ഇത്തരം ജീവിതങ്ങളെ സർഗാത്മക സൃഷ്ടികളാക്കി മാറ്റണമെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത സാഹിത്യകാരൻ കെ.എൽ.മോഹനവർമ്മ പറഞ്ഞു.
അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൽ.എ. ഡെപ്യൂട്ടി കളക്ടർ പി.പത്മകുമാർ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യൂവൽ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ, ഐ.ആൻഡ് പി.ആർ.ഡി അസി.എഡിറ്റർ കെ.കെ.ജയകുമാർ എന്നിവർ പ്രസംഗിച്ചു. നവംബർ ഏഴ് വരെയാണ് വാരാചരണം.