hg1

കൊച്ചി : ന്യൂനപക്ഷപദവിയുള്ള കോളേജിന്റെ പേര് മാറ്റിയാലും ആ പദവി നഷ്ടമാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഒട്ടേറെ വസ്തുതകൾ പരിഗണിച്ചാണ് ന്യൂനപക്ഷപദവി നൽകുന്നത്. പേരു മാറ്റിയതിനാൽ ന്യൂനപക്ഷപദവി പോയെന്ന് ചൂണ്ടിക്കാട്ടി ഇത്തരം സ്ഥാപനങ്ങളിലെ സമുദായ ക്വാട്ടയിലെ പ്രവേശനം തടയാൻ അഡ്മിഷൻ ഫീസ് റെഗുലേറ്ററി കമ്മിറ്റിക്ക് കഴിയില്ല. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ 2018 - 19 അദ്ധ്യയന വർഷത്തിൽ 37 വിദ്യാർത്ഥികൾക്ക് സമുദായക്വാട്ടയിൽ പ്രവേശനം നൽകിയത് തടഞ്ഞ അഡ്മിഷൻ ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ നടപടി റദ്ദാക്കിയാണ് ഡിവിഷൻബെഞ്ചിന്റെ വിധി.

കോളേജിന് ന്യൂനപക്ഷ പദവിയില്ലെന്നും ന്യൂനപക്ഷ സമുദായാംഗമാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ അംഗീകൃത അധികാരികളല്ല നൽകിയതെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിറ്റി ഹർജിക്കാരുടെ പ്രവേശനം തടഞ്ഞത്. എന്നാൽ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ദേശീയ കമ്മിഷൻ ബിലീവേഴ്സ് ചർച്ചിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകിയിട്ടുണ്ടെന്നും ന്യൂനപക്ഷ പദവിയിൽ ഉൾപ്പെടുന്ന ക്രിസ്‌തീയ വിഭാഗമാണ് ബിലീവേഴ്സ് ചർച്ചെന്ന് സഭയുടെ ബൈലോപ്രകാരം വ്യക്തമാണെന്നും ഹൈക്കോടതി വിലയിരുത്തി. . ഇടവക വികാരിയോ അതിരൂപതാ ബിഷപ്പോ നൽകുന്ന സർട്ടിഫിക്കറ്റാണ് സമുദായ ക്വാട്ടയിലേക്ക് വേണ്ടതെന്ന് പ്രൊസ്പെക്ടസിൽ പറയുന്നു. എന്നാൽ റവന്യു അധികൃതരുടെ സർട്ടിഫിക്കറ്റാണ് വേണ്ടതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആദ്യം മതപുരോഹിതരുടെ സർട്ടിഫിക്കറ്റ് നൽകിയ വിദ്യാർത്ഥികൾ പിന്നീട് റവന്യു അധികൃതരുടെ സർട്ടിഫിക്കറ്റും ഹാജരാക്കി. സർട്ടിഫിക്കറ്റ് നൽകിയ പുരോഹിതൻ നേരിട്ട് ഹാജരായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇൗ സാഹചര്യത്തിൽ ഇവരുടെ പ്രവേശനം അംഗീകരിക്കാമെന്ന് വിധിയിൽ പറയുന്നു.