കൊച്ചി: ഡിമെൻഷ്യ സൗഹൃദ സമൂഹമെന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസസിന്റെ ഉദ്യമമായ പ്രജ്ഞയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനം 'ഉദ്‌ബോധ്' ഇന്ന് രാവിലെ 9ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷനാകും. ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്‌ബോധ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഡിമെൻഷ്യ ബാധിച്ച പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിന് കൂട്ടിരിപ്പുകാർ പ്രതിദിനം ശരാശരി 10.6 മണിക്കൂർ ചെലവിടുന്നതായി സ്‌കിസോഫ്രിനിയ റിസേർച്ച് ഫൗണ്ടേഷൻ (സ്‌കാർഫ്) ചെന്നൈ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ശ്രീധർ വൈതീശ്വരൻ പറഞ്ഞു. തൃശൂർ ഉൾപ്പെടെ രാജ്യത്തെ മൂന്ന് പട്ടണങ്ങളിൽ സ്‌കാർഫ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു പഠനം നടത്തുന്നതെന്നും ഡോ. ശ്രീധർ വൈതീശ്വരൻ പറഞ്ഞു. ഡിമെൻഷ്യയുടെ പ്രാരംഭ ഘട്ടങ്ങളിൽ രോഗികളിൽ ആശങ്കയും വിഷാദവുമാണ് പൊതുവായി കണ്ടുവരുന്നതെന്നും ഇതിന് യോഗയിലൂടെ പരിഹാരം കാണാനാകുമെന്നും നിംഹാൻസ് യോഗ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഹേമന്ത് ഭാർഗവ് ചൂണ്ടിക്കാട്ടി.