കൊച്ചി: നഗരത്തിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ നല്ലളം താണിശ്ശേരി വൈശാഖ് (24).കടലുണ്ടി മടവനപാട്ട് നിജിത്ത് (28). ചെറുവന്നൂർ കോലത്തറ റഹ്മാൻ ബസാർ വലിയ വീട് പറമ്പിൽ മുഹമ്മദ് ഷക്കീൽ (24). കടലുണ്ടി ചാലിയം ചേക്കിന്റെ പുരക്കൽ സഫ് വാൻ (21) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കോഴിക്കോട് നിന്നും വാഗണർ കാറിലെത്തിയ സംഘത്തെ പിടികൂടുമ്പോൾ കാറിന്റെ പിന്നിൽ സ്റ്റെപ്പിനി ടയർ വയ്ക്കുന്ന ഭാഗത്ത് രണ്ടു കിലോഗ്രാം വീതമുള്ള അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൊച്ചിയിൽ പലപ്പോഴായി വിൽപ്പനയ്‌ക്കായി കഞ്ചാവ്, മയക്കുമരുന്ന് ഗുളികകൾ, എം.ഡി.എം.എ എന്നിവ എത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കളമശേരി പത്തടിപാലത്തു നിന്നാണ് ഇവർ പിടിയിലായത്.
വൈശാഖിന്റെ പേരിൽ 2014 മുതൽ പന്നിയങ്കര ,ഫറൂക്ക്, മാറാട്, മെഡിക്കൽ കോളേജ്, എലത്തൂർ ,കൂത്തുപറമ്പ് തുടങ്ങി പൊലിസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, വീടാക്രമിക്കൽ കേസുകൾ നിലവിലുണ്ട്. നിജിത്തിന് 2015 മുതൽ പന്നിയങ്കര,ഫറൂക്ക് സ്റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസുണ്ട് .
മുഹമ്മദ് ഷക്കിലിന് 2017 മുതൽ പന്നിയങ്കര, ഫറൂഖ് ,കോഴിക്കോട് ടൗൺ, നല്ലളം എന്നീ സ്റ്റേഷനുകളിൽ മോഷണത്തിന് കേസുണ്ട്. സഫ്‌വാൻ 2015 മുതൽ മെഡിക്കൽ കോളേജ്, ബേപ്പൂർ സ്‌റ്റേഷനുകളിൽ മോഷണത്തിന് കേസുണ്ട്.
നാർക്കോട്ടിക് അസി.കമ്മിഷണർ സുരേഷ് കുമാർ, എസ്.ഐ. ജോസഫ് സാജൻ, കളമശ്ശേരി അഡിഷണൽ എസ്.ഐ. ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.