കൊച്ചി: ജോലിയിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായുള്ള ആദ്യ പരിപാടി ഇന്നലെ കേക്ക് മുറിച്ച് എറണാകുളംഎറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജി നിർവഹിച്ചു. ചടങ്ങിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ കെ.പി. ടോംസൺ, കേരള പൊലീസ് അസോസിയേഷൻ ഭാരവാഹികൾ, സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ തന്നെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനായ സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി ഭാരത്താലും കുടുംബപ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്ന പൊലീസുകാർക്ക് മാനസിക സന്തോഷം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള പരിപാടി. ജന്മദിനം ആഘോഷിക്കുന്ന പൊലീസുകാരുടെ കുടുംബത്തെ കൂടി ചടങ്ങിലേക്ക് ക്ഷണിക്കും. ആ സമയത്ത് കുടുംബ പ്രശ്നങ്ങൾ നേരിട്ടു കേൾക്കുമെന്ന് അസി. കമ്മിഷണർ കെ. ലാൽജി അറിയിച്ചു.