ക്ലസ്റ്റർ പതിനൊന്നിൽ വാഴക്കുളം കാർമ്മൽ പബ്ലിക് സ്‌കൂൾ

കൊച്ചി: സി.ബി.എസ്.ഇ കായികമേളയുടെ രണ്ടാം ദിനത്തിൽ 35 ഇനങ്ങൾ പൂർത്തിയായപ്പോൾ ക്ലസ്റ്റർ പത്തിൽ 79 പോയിന്റ് നേടി തൃശൂർ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ മുന്നേറുന്നു. 54 പോയിന്റുമായി മാള ഹോളി ഗ്രേസ് അക്കാഡമിയാണ് രണ്ടാം സ്‌ഥാനത്ത്‌. ക്ലസ്റ്റർ പതിനൊന്നിൽ 118 പോയിന്റുമായി വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളാണ് ഒന്നാം സ്‌ഥാനത്ത്‌. 66 പോയിന്റ് നേടിയ ബി.വി.എം ഏരൂരാണ് രണ്ടാം സ്‌ഥാനത്ത്‌. വിജയികൾക്ക് ദേശീയ മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. മേള ഇന്ന് ( ശനിയാഴ്ച) സമാപിക്കും.
ഇതാദ്യമായാണ് ക്ലസ്റ്റർ പത്ത്, പതിനൊന്ന് എന്നിങ്ങനെ തിരിച്ച് കേരളത്തിലെയും ലക്ഷദ്വീപിലെയും നാലായിരത്തോളം കുട്ടികളെ ഉൾപ്പെടുത്തി ഒറ്റമത്സരമായി സംഘടിപ്പിക്കുന്നത്.
ക്ലസ്റ്റർ പതിനൊന്നിൽ അണ്ടർ 14 വനിതാ വിഭാഗത്തിൽ 200 മീറ്റർ ഓട്ടത്തിൽ ചോറ്റാനിക്കര ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഹൃതിക അശോക് മേനോൻ ഒന്നാം സ്‌ഥാനവും, ബി.വി.എം എരൂരിലെ മീനാക്ഷി പ്രഭു രണ്ടാം സ്‌ഥാനവും നേടി. അണ്ടർ 14 പുരുഷ വിഭാഗത്തിൽ കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലെ അബി ജെയ്സൺ ഒന്നാം സ്‌ഥാനവും മൂവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂളിലെ ക്രൈസ്റ്റസ് ജോബി രണ്ടാം സ്‌ഥാനവും നേടി.
ലോംഗ്ജംപ് മത്സരത്തിൽ അണ്ടർ 14 വനിതാ വിഭാഗത്തിൽ കൂനമ്മാവ് ചാവറ സി.എം.ഐ പബ്ലിക് സ്‌കൂളിലെ അമാൻഡ മരിയ റോച്ച ഒന്നാം സ്‌ഥാനവും തേവക്കൽ വിദ്യോദയ സ്‌കൂളിലെ വി.എ. ആഫിയ രണ്ടാം സ്‌ഥാനവും നേടി. അണ്ടർ 14 പുരുഷ വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്‌കൂളിലെ മെൽബിൻ കെ മാത്യു ഒന്നാം സ്‌ഥാനവും വർക്കല മഹാത്മാഗാന്ധി മെമ്മോറിയൽ സ്‌കൂളിലെ ബി.എസ്. സുബിൻ രണ്ടാം സ്‌ഥാനവും നേടി.
ക്ലസ്റ്റർ പത്തിൽ 200 മീറ്റർ ഓട്ടത്തിൽ അണ്ടർ 14 വനിതാ വിഭാഗത്തിൽ ത്രിഷർ ഭാരതീയ വിദ്യാഭവനിലെ എ.എം. മാളവിക ഒന്നാം സ്‌ഥാനത്തും പാറമേക്കാവ് വിദ്യ മന്ദിറിലെ സാമന്ത പെരിങ്ങാടൻ രണ്ടാം സ്‌ഥാനവും നേടി. അണ്ടർ 14 പുരുഷ വിഭാഗത്തിൽ കോഴിക്കോട് എം.ഇ.എസ് രാജ റെസിഡൻഷ്യൽ സ്‌കൂളിലെ ബിപിഎൽ റായ് ഓണം സ്‌ഥാനവും കോഴിക്കോട് ശ്രീ സത്യസായി വിദ്യാപീഠിലെ രാഹുൽ രാജ് രണ്ടാം സ്‌ഥാനവും നേടി.