കൊച്ചി : ബാറുകൾ പൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരുടെ പുനരധിവാസത്തിനായി പിരിച്ച തുകയുടെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി രണ്ടാഴ്ച കൂടി സമയം നൽകി.
ബിവറേജസ് കോർപറേഷൻ വില്പന നടത്തുന്ന മദ്യത്തിന് അഞ്ച് ശതമാനം സെസ് ഏർപ്പെടുത്തിയാണ് പുനർജ്ജനി 2030 എന്ന പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നത്. ഈ തുകയിൽ നിന്ന് ഒരു വിഹിതം സഹായധനമായി ലഭിക്കണമെന്നാവശ്യപ്പെട്ട് മുൻ ബാർ ജീവനക്കാരനായ ആലപ്പുഴ തത്തംപിള്ളി സ്വദേശി ഇ. കുഞ്ഞുമോൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ, ഇതുവരെ പിരിച്ച തുക എത്രയാണെന്നും ഇതെങ്ങനെയാണ് വിനിയോഗിക്കുകയെന്നും ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. ഒന്നിലേറെ ഓഫീസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഹാജരാക്കേണ്ടതുള്ളതിനാൽ രണ്ടാഴ്ച കൂടി സമയം വേണമെന്ന് ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോൾ സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതനുവദിച്ച സിംഗിൾബെഞ്ച് ഹർജി നവംബർ 15 ലേക്ക് മാറ്റി. ഇതിനകം വിവരങ്ങൾ നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ രേഖകളുമായി കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പു വരുത്തണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.