കൊച്ചി: സംസ്ഥാനത്തെ പുതിയ പാസഞ്ചർ ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക കോച്ചുകൾ ഒഴിവാക്കിയതിൽ ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ പ്രതിഷേധിച്ചു. വീൽചെയർ യാത്രക്കാർക്ക് തിരക്കുള്ള ജനറൽ കമ്പാർട്ടുമെന്റിലേക്ക് കയറിപ്പറ്റുന്നതിനും യാത്ര ചെയ്യുന്നതിനുമുള്ള അസൗകര്യം കണക്കിലെടുത്ത് ഭിന്നശേഷിക്കാർക്കായുള്ള കോച്ചുകൾ പുനഃസ്ഥാപിക്കണം. സ്പെഷ്യൽ കോച്ചുകളിൽ വീൽചെയറുകൾക്കായുള്ള ഇലക്ട്രിക് റാമ്പ് സ്ഥാപിക്കണം. അങ്ങനെയായാൽ വീൽചെയറിലുള്ളവർക്ക് ഏത് സ്റ്റേഷനിലും ട്രെയിനിൽ കയറാനും ഇറങ്ങാനും സഹായമാകും. പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മാത്രമേ ഇപ്പോൾ റാമ്പ് സൗകര്യം ലഭ്യമാകുന്നുള്ളു. എല്ലാ പ്രധാന സ്റ്റേഷനുകളിലും ലിഫ്റ്റുകൾ സ്ഥാപിക്കുക, ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ ഒരെണ്ണം
ട്രെയിനിന്റെ മദ്ധ്യഭാഗത്ത് ആക്കുക. സ്റ്റേഷൻ പരിസരം ഭിന്നശേഷി സൗഹൃദമാക്കുക പ്രത്യേക പാർക്കിംഗ് സൗകര്യം അനുവദിക്കുക, ഭിന്നശേഷിക്കാരുടെ കാർഡിൽ ട്രെയിൻ യാത്ര അനുവദിക്കുക, സ്റ്റേഷനുകളിൽ കച്ചവട സ്ഥാപനങ്ങൾ സംവരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ
പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പിക്ക് നിവേദനം നൽകിയതായി ഫെഡറേഷൻ ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി അറിയിച്ചു