കൊച്ചി: അത്യാധുനികവും അതീവ സുരക്ഷിതത്വവും ഉറപ്പ് നൽകി അവതരിപ്പിച്ച ചിപ്പ് ഘടിപ്പിച്ച ഡെബിറ്റ് കാർഡിലും വ്യാജൻ നിർമ്മിച്ച് തട്ടിപ്പ് നടത്തി ഹൈടെക് തട്ടിപ്പുകാർ. സംസ്ഥാനത്ത് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സൈബർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബീഹാർ, രാജസ്ഥാൻ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാകാം തട്ടിപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. ഒ.ടി.പി നമ്പർ ഒഴിവാക്കി ഇന്റർനാഷണൽ മണി ട്രാൻസ്‌ഫറിലെ പഴുത് ഉപയോഗിച്ചാണ് പണം തട്ടൽ. സാമ്പത്തികമായി മെച്ചപ്പെട്ടവരുടെ ബാങ്ക് ഇടപാടുകൾ ദിവസങ്ങളോളം നിരീക്ഷിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്.
സ്വൈപ്പിംഗ് മെഷീനുകൾ വഴിയാണ് എ.ടി.എം കാർഡിന്റെ വിവരങ്ങൾ ശേഖരിക്കുന്നത്. തുടർന്ന് ഇത് ഉപയോഗപ്പെടുത്തി വ്യാജ എ.ടി.എം കാർഡ് നിർമിച്ച് പണം പിൻവലിക്കും. കലൂർ സ്വദേശിയായ റേഡിയോഗ്രാഫർ തോമസ് മാത്യുവിന്റെ അക്കൗണ്ടിൽ നിന്ന് ഇത്തരത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് 40,000 രൂപ നഷ്ടമായിരുന്നു. എ.ടി.എം കാർഡ് ഉപയോഗിച്ച് ഒരുതരത്തിലുമുള്ള ഓൺലൈൻ ഇടപാടുകളും തോമസ് മാത്യു നടത്തിയിരുന്നില്ല. വിവരങ്ങൾ ആർക്കും കൈമാറിയിരുന്നുമില്ല. എന്നാൽ, എ.ടി.എം കൗണ്ടറുകളിലും കടകൾ, പെട്രോൾ പമ്പ്, തുടങ്ങിയ സ്ഥലങ്ങളിലെ സ്വൈപ്പിംഗ് മെഷീനുകളും ഉപയോഗിച്ചിരുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ ചിപ്പ് കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
തോമസ് മാത്യുവിന് പണം നഷ്ടപ്പെട്ടത് പുലർച്ചെ 5.30നാണ്. ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക എറണാകുളം പേരണ്ടൂരിലെ എ.ടി.എമ്മിൽ നിന്നും പിൻവലിക്കുകയായിരുന്നു. ഉടൻ കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. വൈറ്റില സ്വദേശിയായ വിശ്വനാഥന്റെ അക്കൗണ്ടിൽ നിന്നും സമാനമായ രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കസ്റ്റമർ കെയർ, വ്യാജ വെബ്‌സൈറ്റുകൾ തുടങ്ങിയവ വഴിയാണ് മറ്റ് തരത്തിലുള്ള എ.ടി.എം പണം ചോർത്തൽ നടക്കുന്നതിലധികവും. മുൻ കാലങ്ങളിൽ വിവരങ്ങൾ ചോർത്തി ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് പണം പിൻവലിച്ചുകൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ കേരളത്തിൽ നിന്ന് തന്നെയാണ് പണം തട്ടുന്നത്.
ഒ.ടി.പി നമ്പർ കൈമാറിയാൽ പണം നഷ്ടപ്പെടുമെന്ന കാര്യം എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ, പലർക്കും ഇന്റർനാഷണൽ മണിട്രാൻസ്‌ഫറിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അക്കൗണ്ടിൽ ഇന്റർനാഷണൽ മണി ട്രാൻസ്ഫർ ആക്ടീവാണെങ്കിൽ ഒ.ടി.പി കൂടാതെ പണം പിൻവലിക്കാം. സ്വൈപ്പിംഗ് മെഷീൻ വഴി ചോർത്തിയെടുക്കുന്ന വിവരങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം അറിയാൻ സാധിക്കും. ഇത് ഉപയോഗപ്പെടുത്തിയാണ് സംഘങ്ങൾ പണം തട്ടുന്നത്. ബാങ്ക് വഴി ഇത് ഡി ആക്റ്റിവേറ്റ് ചെയ്യാൻ സാധിക്കും.