കൊച്ചി: കൈക്കുഞ്ഞുങ്ങളുടെ നിലവിളി, അപേക്ഷകരുടെ നീണ്ട നിര, നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ആശുപത്രി ജീവനക്കാരുടെ തിക്കും തിരക്കും. കൊച്ചി നഗരസഭ കവാടത്തോട് ചേർന്നുള്ള ജനസേവന കേന്ദ്രം അക്ഷരാർത്ഥത്തിൽ ഒരു പോരാട്ട കേന്ദ്രമാണ്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ നിർവാഹമില്ലാത്തതിനാൽ ജനന,മരണ വിവരങ്ങൾ രേഖപ്പെടുത്തണമെങ്കിൽ ആശുപത്രിക്കാർ ഇവിടെയെത്തണം. ആശുപത്രി ജീവനക്കാരുടെ ബാഹുല്യം മൂലം ഉദ്യോഗസ്ഥർക്ക് ഇരിപ്പിടം നഷ്‌ടപ്പെടുന്ന അവസ്ഥയാണ്. ഓണാവധി മുതലുള്ള ഫയലുകൾ കെട്ടിക്കിടപ്പുണ്ട്. ഏഴ് ദിവസം കൊണ്ട് ലഭിക്കുന്ന സർട്ടിഫിക്കറ്റിനായി മൂന്ന് മാസം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് അപേക്ഷകർ. ഗ്രാമപഞ്ചായത്തുകളിൽ വരെ ഓൺലൈനായി കെട്ടിട നികുതിയും പ്രൊഫഷണൽ ടാക്‌സും അടയ്ക്കാൻ സൗകര്യമുള്ളപ്പോൾ ഇക്കാര്യങ്ങൾക്കായി നഗരസഭ ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടാണ്.

# ഇ ഗവേണൻസ് നാൾവഴികൾ

കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി 2005- 2006 ൽ തുടക്കം

ആദ്യ ചുമതല ഇൻഫമേഷൻ കേരള മിഷന് ( ഐ.കെ.എം )

അജ്ഞാതമായ കാരണങ്ങളാൽ ഐ.കെ.എം പാതിവഴിയിൽ പിൻമാറി

2011ൽ വിപ്രോയെ കൺസൾട്ടന്റായി നിയോഗിച്ചു

ഓൺലൈൻ സംവിധാനം നടപ്പാക്കാനുള്ള ചുമതല വിപ്രോ ടി.സി.എസിനെ ഏല്പിച്ചു

54 ആഴ്ചയ്ക്കുള്ളിൽ പദ്ധതി പൂർത്തീയാക്കുമെന്ന് വാഗ്ദാനം

പല തവണ കാലാവധി നീട്ടികൊടുത്തിട്ടും പദ്ധതി പൂർത്തിയാക്കാൻ ടി.സി.എസിന് കഴിഞ്ഞില്ല

കരാർ തുക 8.1 കോടി

ഇതുവരെ ടി.സി.എസിന് നൽകിയത് 4.94 കോടി

ബാക്കി പണം കൈമാറാത്തതിൽ പ്രതിഷേധിച്ച് ടി.സി.എസ് കഴിഞ്ഞ ഫെബ്രുവരിയിൽ നഗരസഭ വിട്ടതോടെ പദ്ധതി കട്ടപ്പുകയായി.

#മന്ത്രിതല തീരുമാനങ്ങൾ

നടപ്പാക്കുന്നില്ലെന്ന് പ്രതിപക്ഷം

ടി.സി.എസുമായി നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കാൻ ജൂൺ 30ന് മന്ത്രി എ.സി.മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയെങ്കിലും അന്ന് ഉരുത്തിരിഞ്ഞ തീരുമാനം നടപ്പിൽ വരുത്താൻ കോർപ്പറേഷൻ ഭരണാധികാരികൾ തയ്യാറാകുന്നില്ല.

വി.പി.ചന്ദ്രൻ,കൗൺസിലർ

# മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ

1 ആറു മാസത്തിനകം ടി.സി.എസ് എല്ലാ മൊഡ്യുളുകളും പൂർത്തിയാക്കണം

2 ഐ.കെ.എം ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കണം

3 വിപ്രോ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കും

4 പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ടി.സി.എസിന്റെയും ഐ.കെ.എമ്മിന്റെയും രണ്ടും വിപ്രോയുടെ ഒരു ജീവനക്കാരനെയും കോർപ്പറേഷൻ ഓഫീസിൽ താത്കാലികമായി നിയോഗിക്കും

5 രണ്ട് ഐ.ടി. ഓഫീസർമാരെ നിയമിക്കുന്നതിന് കോർപ്പറേഷന് അനുമതി.

# പരിഹരിക്കാൻ ശ്രമം

സർവർ ഡൗൺ ആകുന്നതായി പരാതിയുണ്ട്. ടി.സി.എസ് ജീവനക്കാരുടെ സഹായമില്ലാതെ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. നഗരസഭയിലെ ജോലികൾ ചെയ്യുന്നതിന് അവർ കനത്ത പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. ശമ്പളം തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. രണ്ട് ഐ.ടി ജീവനക്കാരെ നഗരസഭ നിയമിച്ചുവെങ്കിലും ഐ.കെ.എം, ടി.സി.എസ്, ഐ.ടി.മിഷൻ എന്നിവരുടെ സഹകരണമില്ലാതെ വർക്ക് പൂർത്തീകരിക്കാൻ കഴിയില്ല

സൗമിനി ജെയിൻ,മേയർ