 10 കോടിയുടെ പദ്ധതി നടപ്പാക്കും

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പ്രധാന കനാലുകൾ വൃത്തിയാക്കുന്നതടക്കമുള്ള ജോലികൾ ഉടൻ ആരംഭിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതികൾ നടപ്പാക്കുക. ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി കളക്ടർ എസ്.സുഹാസ് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് പെട്ടെന്നുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളാണ് ആദ്യമുണ്ടാകുക. ഇതിനായി 10 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. ഇതിൽ കെ.എം.ആർ.എലിന്റെ സഹകരണവുമുണ്ടാകും. കൂടുതൽ പഠനങ്ങൾക്കായി സാങ്കേതിക വിദഗ്ധരുടെ സംഘം രൂപീകരിക്കും. കൊച്ചി സർവകലാശാല ഇതിന്റെ മേൽനോട്ടം വഹിക്കും. റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കാനകളിൽ തടസമുള്ള ഭാഗങ്ങൾ തിരിച്ചറിയും. ആർക്കൈവ്സ് വകുപ്പിന്റെ സഹകരണത്തോടെ നഗരത്തിലെ ഡ്രയിനേജ് സംവിധാനങ്ങൾ കണ്ടെത്തും.
റോഡുകളുടെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് എം.എൽ.എ മാർ യോഗത്തിൽ ആവശ്യപ്പെട്ടു. മരട് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കി പണികൾ പൂർത്തിയാക്കണമെന്ന് എം.സ്വരാജ് എം.എൽ.എ ആവശ്യപ്പെട്ടു. 2018-ലെ പ്രളയത്തിൽ വിളനാശം സംഭവിച്ച ഇൻഷ്വർ ചെയ്ത കർഷകർക്കുള്ള നഷ്ടപരിഹാരം ജില്ലയിൽ പൂർണമായും നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ അറിയിച്ചു. 2019 -20 വർഷം 1.55 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2018-19, 2019-20 വർഷങ്ങളിൽ വിള ഇൻഷ്വറൻസ് നഷ്ടപരിഹാരമായി 3,33,80,614 രൂപയും അനുവദിച്ചിട്ടുണ്ട്.
വികസന സമിതി യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, എം.എൽ.എ മാരായ എൽദോസ് കുന്നപ്പിള്ളി, ആന്റണി ജോൺ, എം.സ്വരാജ് , വി.പി. സജീന്ദ്രൻ, പി.ടി.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
 ശുചീകരിക്കുന്ന കനാലുകൾ
പേരണ്ടൂർ
മുല്ലശേരി
ഇടപ്പള്ളി

 തീരദേശ പരിപാലന നിയമം ലംഘിച്ചാൽ കർശന നടപടികൾ
തീരദേശ പരിപാലന നിയമത്തിന്റെ ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇത് കണ്ടു പിടിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. കൊച്ചി സബ് കളക്ടറുടെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും നടപടികൾ. ലംഘനം ശ്രദ്ധയിൽ പെട്ടാൽ നോട്ടീസ് അയക്കും. ഇതിനായുള്ള കമ്മിറ്റി രൂപീകരിച്ചു.
 മാലിന്യസംസ്‌ക്കരണം: കളമശേരി നഗരസയ്‌ക്ക് 3 കോടി
ജില്ലയിലെ മാലിന്യ സംസ്കരണം കൃത്യമായ രീതിയിൽ നടപ്പിലാക്കുന്നതിനായി നടപടികൾ സ്വീകരിച്ചതായും കളക്ടർ അറിയിച്ചു. ഏറ്റവും കൂടുതൽ മാലിന്യപ്രശ്നം നേരിടുന്ന കളമശേരി നഗരസഭക്ക് പ്രശ്ന പരിഹാരത്തിനായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്.