കൊച്ചി: മേയർ മാറ്റ ചർച്ചകൾക്ക് കെ.പി.സി.സി നേതൃത്വം താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും മേയർ സൗമിനി ജെയിനെതിരെ കരുക്കൾ നീക്കി എ, ഐ ഗ്രൂപ്പുകൾ വീണ്ടും രംഗത്തെത്തി. കൗൺസിലർമാർ കൂടിയായ മഹിളാകോൺഗ്രസ് നേതാക്കളാണ് ഇത്തവണ കലാപത്തിന് ചുക്കാൻ പിടിക്കുന്നത്. മേയർ സ്ഥാനത്ത് നിന്ന് എ ഗ്രൂപ്പുകാരിയായ സൗമിനി ജെയിനിനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റും മുൻ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷയുമായ വി.കെ. മിനിമോൾ, ഷെമീന, ഗ്രേസി ബാബുജേക്കബ്, മാലിനി, ഷാക്രിത, ഡെലിന പീറ്റർ (എ ഗ്രൂപ്പ്) എന്നീ കൗൺസിലർമാരാണ് പരസ്യമായി രംഗത്തെത്തിയത്. മറ്രുള്ളവരെല്ലാം ഐ ഗ്രൂപ്പുകാരാണ്.
13ന് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടക്കും മുമ്പ് മേയറുടെ സ്ഥാനമാറ്റത്തിൽ തീരുമാനം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
# മുൻ ധാരണ ലംഘിച്ചു
രണ്ടര വർഷത്തിനു ശേഷം സ്ഥാനമൊഴിയാമെന്ന പാർട്ടിയിലെ മുൻ ധാരണ കുടുംബകാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി മേയർ ലംഘിച്ചെന്നാണ് സഹപ്രവർത്തകരായ ആറ് വനിതാ കൗൺസിലർമാർ പറയുന്നത്. കെ.പി.സി.സി നേതൃത്വത്തിൽ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുണ്ടാകുന്നില്ലെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ നേരിൽ കണ്ട് ആവശ്യം ഉന്നയിക്കുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെള്ളക്കെട്ട് പ്രശ്നത്തോട് അനുബന്ധിച്ച് ഉപതിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതിന് പിന്നാലെയാണ് മേയർക്കെതിരെ പാർട്ടിയിൽ കലാപം തുടങ്ങിയത്. വി.ഡി.സതീശൻ എം.എൽ.എയും ഹൈബി ഈഡൻ എം.പിയും പരസ്യ കലാപത്തിന് തുടക്കമിട്ടു. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് ഇതുവരെ മേയറെ മാറ്റുന്നതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പാർട്ടിയിലെ വനിത നേതാക്കളെ ഇറക്കിയുള്ള പുതിയ സമ്മർദ്ദതന്ത്രം.
കഴിഞ്ഞ ദിവസം രണ്ട് വനിത കൗൺസിലർമാർ മേയർ സൗമിനി ജെയിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. മേയറെ മാറ്റിയാൽ തങ്ങൾ കൗൺസിലർ സ്ഥാനം രാജി വയ്ക്കുമെന്ന ഭീഷണി നേതൃത്വത്തെ ആശങ്കയിലാക്കി. ഇതോടെ മേയർ സൗമിനി ജെയിനെ നീക്കുന്ന വിഷയത്തിൽ കോൺഗ്രസിൽ വനിതാ കൗൺസിലർമാർക്കിടയിലും ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്.
#മേയർ സ്ഥാനം രണ്ടര വർഷത്തിന് ശേഷം ഐ ഗ്രൂപ്പിന് നൽകണമെന്ന ധാരണ പാലിക്കണം
#സ്ഥിരം സമിതികളിലും അഴിച്ചുപണി വേണം
മഹിളാ കോൺഗ്രസിനെതിരെ പരതി നൽകും
കെ.പി.സി.സി പ്രസിഡന്റ് വിലക്ക് നിവനിൽക്കെ മേയർ മാറ്റവുമായി വിവാദ പ്രസ്താവന ഒഴിവാക്കണമെന്നും, നേതൃത്വത്തെ സമർദത്തിലാക്കാൻ ശ്രമിക്കുന്ന മഹിളാകോൺ പ്രവർത്തകർക്കെതിരെ കെ.പി.സി.സി നടപടി സ്വീകരികമെന്ന മേയർ അനുകൂലികൾ പറഞ്ഞു.