കൊച്ചി: ചുവപ്പു നാടയിൽ കുടുങ്ങി അനിശ്ചിതത്വത്തിലായ ബ്രഹ്മപുരത്തെ ആധുനിക മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പദ്ധതിയ്ക്ക് ഒടുവിൽ മോക്ഷം. പരിസ്ഥിതി അനുമതി ഉപാധികളോടെ നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി തീരുമാനിച്ചു.

ബ്രഹ്മപുരം ഉൾപ്പെടുന്ന വടവുകോട്പുത്തൻ കുരിശ് പഞ്ചായത്തിൽ നിന്ന് കെട്ടിട നിർമ്മാണ അനുമതി കൂടി കിട്ടിയാൽ പ്ലാന്റ് നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കാം.

• മാലിന്യം സംസ്‌ക്കരിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മാണം തുടങ്ങി 18 മാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യണമെന്നാണു കരാർ. കണക്കനുസരിച്ച് 2021 പകുതിയോടെ തീരണം. കാലതാമസമുണ്ടായാൽ കമ്പനി നഷ്ടപരിഹാരം നൽകണം.

# ഇഴഞ്ഞു നീങ്ങി

• പുതിയ പ്ലാന്റ് നിർമ്മിച്ച് പ്രവർത്തിപ്പിച്ച് കൈമാറുന്നതിനായി(ബി.ഒ.ടി) സർക്കാരും ജി.ജെ ഇക്കോ പവർ പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ 2016 ഫെബ്രുവരി 17ന് കരാർ ഒപ്പിട്ടു.

• ബ്രഹ്മപുരം പ്ളാന്റ് വളപ്പിലെ 20 ഏക്കർ സ്ഥലം വിട്ടുകൊടുത്തു. മാസം 10 ലക്ഷം രൂപ സ്ഥല വാടകയായി കമ്പനി നഗരസഭയ്ക്കു നൽകണം.

• പ്ലാന്റ് നിർമ്മിച്ച് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള മുടക്കു മുതൽ മുഴുവൻ കമ്പനിയുടേതാണ്.

• വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിറ്റു കിട്ടുന്നതാണ് കമ്പനിയുടെ വരുമാനം.

• 500 ടൺ മാലിന്യം സംസ്‌ക്കരിക്കാൻ പ്ളാന്റിന് ശേഷിയുണ്ടാവും

നിത്യേന 300 ടൺ മാലിന്യം നഗരസഭ പ്ളാന്റിലെത്തിക്കണം

# നിരീക്ഷണത്തിനായി സമിതി
പാരിസ്ഥിതിക അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുള്ള തെളിവെടുപ്പ് നടത്തിയിരുന്നു. പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമ്പോൾ ദിനവും എത്തുന്ന നൂറു കണക്കിന് ടൺ മാലിന്യം മാലിന്യം പരിസ്ഥിതിക്കു ദോഷമില്ലാതെ സുരക്ഷിതമായി സൂക്ഷിക്കാനും ദ്രവമാലിന്യം പുറത്തേക്ക് ഒഴുകുന്നതും ദുർഗന്ധവും തടയാനും ജല മലിനീകരണം ഒഴിവാക്കാനുമെല്ലാമുള്ള കർശന ഉപാധികളാണ് അതോറിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തനം വിലയിരുത്താൻ പ്രാദേശിക സമിതി രൂപീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

# ഈ മാസം നിർമ്മാണം തുടങ്ങും

പ്ലാന്റിന്റെ നിലം ഒരുക്കൽ ജോലികൾ ഈ മാസം തന്നെ ആരംഭിക്കും. ഒന്നര മാസത്തോളം ഇതിനു വേണം. ജനുവരിയോടെ നിർമ്മാണം തുടങ്ങും. ഒന്നര വർഷത്തിനുള്ളിൽ തന്നെ പ്ലാന്റ് പ്രവർത്തന സജ്ജമാക്കാനാവും.

കമ്പനി വക്താവ്