മരട്: വളന്തകാടു ദ്വീപ് നിവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം വളന്തകാട് പാലത്തിന് ഇന്നലെ എം.സ്വരാജ് എം.എൽ.എ.കല്ലിട്ടു. ഏതാണ്ട് നൂറ്റാണ്ടുകളായി ചെറുവള്ളങ്ങളെ ആശ്രയിച്ചു മാത്രം ജീവിച്ചു പോന്ന ദ്വീപ് നിവാസികളായ ദളിത് വിഭാഗങ്ങൾക്ക് ഏറെ സന്തോഷം നൽകുന്ന ഉത്സവാന്തരീക്ഷത്തിൽ നടന്ന കല്ലിടൽ ചടങ്ങിൽ ആ ബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തു. വിശിഷ്ടാതിഥികളെ വിവിധ വാദ്യമേളങ്ങളോടെയാണ് വരവേറ്റത്. വളന്തകാട് ജട്ടിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഇന്നലെ വൈകീട്ട് 6 ന് സ്ഥലം എം.എൽ.എ.എം.സ്വരാജ് കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മരടുനഗരസഭ അദ്ധ്യക്ഷ ടി.എച്ച് നദീറ അദ്ധ്യക്ഷത വഹിച്ചു. ജോൺഫെർണാണ്ടസ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ്ചെയർമാൻ ബോബൻ നെടുംപറമ്പിൽ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ദിഷാപ്രതാപൻ, പി.വി.ചന്ദ്രബോസ്, പി.വാസുദേവൻ കെ.എ.ദേവസ്സി, ആർ.കെ.സുരേഷ് ബാബു, എം.എ.മോഹനൻ, എൻ.എ.നജീബ്, പ്രിയ ബാബു, സുജാത ശിശുപാലൻ, വത്സ ജോൺ, സ്വമിന സുജിത് തുടങ്ങിയവർ സംസാരിച്ചു.