ആലുവ: വെള്ളക്കെട്ട് ഒഴിവാക്കാനെന്ന പേരിൽ നടുറോഡിൽ കാനകൾ പൊളിച്ച് മാസങ്ങളായിട്ടും നിർമ്മാണം പൂർത്തിയാക്കുന്നില്ലെന്ന് പരാതി. ആലുവ - പറവൂർ റോഡിൽ സെമിനാരിപ്പടി ഭാഗത്ത് നിന്ന് കനാൽ റോഡ് ആരംഭിക്കുന്നിടത്താണ് കാനകൾ പൊളിച്ചിട്ടിരിക്കുന്നത്. ഇതേതുടർന്ന് ഇവിടെ അപകടം തുടർക്കഥയായി.
കാന പറവൂർ റോഡിലെ കാനയിൽ സംഗമിക്കുന്നിടത്ത് പൊളിച്ചതിനാൽ റോഡിന് നടുവിൽ വലിയ കുഴിയാണ്. നഗരസഭയുടെ ഒന്ന്, 26 വാർഡുകളിൽ വെള്ളക്കെട്ട് പതിവാണ്. ഇത് ഒഴിവാക്കാൻ കൗൺസിലർമാർ, നഗരസഭ ചെയർപേഴ്‌സൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാന പൊളിച്ചത്. എന്നാൽ, കാനയിൽ നിന്ന് വെള്ളം ഒഴിവാകുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാനകളിൽ വെള്ളം കൃത്യമായി ഒഴുകുന്നില്ല. അശാസ്ത്രീയമായ കാന നിർമ്മാണവും മാലിന്യങ്ങളും കേബിളുകളും കയ്യേറ്റങ്ങളുമാണ് ഇതിന് കാരണം. അതിനാൽ തന്നെ ഇതെല്ലാം പൂർണമായി ഒഴിവാക്കിയാലേ വെള്ളക്കെട്ട് ഒഴിവാകൂ.
ആഗസ്റ്റിൽ പൊളിച്ച കാന പുനർനിർമ്മിക്കുന്ന കാര്യത്തിൽ നഗരസഭയും പൊതുമരാമത്ത് അധികൃതരും പരസ്പരം കൈയൊഴുകുകയാണ്.
ഉടനെ പണി തുടങ്ങും
കാന ഉയർത്തിപണിയാനാണ് പദ്ധതി. ഇതിന് പൊതുമരാമത്ത് ടെണ്ടർ ക്ഷണിച്ചിരുന്നു. നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. അതുകഴിഞ്ഞാൽ ഉടൻ പണി ആരംഭിക്കും.
ജെറോം മൈക്കിൾ
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ