കിഴക്കമ്പലം: കുന്നത്തുനാട്ടിലെ മനയ്ക്കക്കടവ് -നെല്ലാട് , പട്ടിമറ്റം -പത്താംമൈൽ റോഡ് നവീകരണ പ്രവൃത്തികൾ വേഗത്തിലാക്കാൻകലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗംതീരുമാനിച്ചു. റോഡിൽ മനയ്ക്കകടവ്- പള്ളിക്കര, പട്ടിമറ്റം -നെല്ലാട്,പട്ടിമറ്റം-പത്താം മൈൽ റോഡിലെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന ജോലിയാണ് പുരോഗമിക്കുന്നത്. പട്ടിമറ്റം - നെല്ലാട് വരെയുള്ള ഭാഗത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് പുറമ്പോക്ക് സ്വമേധയ ഒഴിയുന്നതിന് നോട്ടിസ് നൽകി. കള ക്ടറുടെ നിർദേശപ്രകാരം നിയോഗിച്ച സർവേ സംഘം കൈയേറ്റ പ്രദേശങ്ങൾ അളന്നു തിരിച്ച് സർവേക്കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ നടത്തുന്നുണ്ട്. മനയ്ക്കക്കടവ് മുതൽ പള്ളിക്കര വരെയുള്ള റോഡ് പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി. പള്ളിക്കര ജംഗ്ഷനിലെ ലക്കിപ്പടി റോഡ് വികസനത്തിന്റെ ഭാഗമായി വീതി വർദ്ധിപ്പിച്ചിട്ടുണ്ട്. പുറമ്പോക്ക് ഭൂമി നോട്ടിസ് കാലാവധിക്കുള്ളിൽ വിട്ട് നൽകാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് നിയമ നടപടികൾ സ്വീകരിച്ച് റോഡ് ഒഴിപ്പിച്ച് എടുക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്ന പ്രവൃത്തികളും നടക്കുന്നുണ്ട് .
പുറമ്പോക്ക് സ്വമേധയ ഒഴിയുന്നതിന് നോട്ടിസ്
സർവേ സംഘം കൈയേറ്റ പ്രദേശങ്ങൾ അളന്നു തിരിച്ച് സർവേക്കല്ലുകൾ സ്ഥാപിക്കുന്നു
തിയതിയായി
മനയ്ക്കക്കടവ് -പള്ളിക്കര റോഡിന്റെ ജോലികൾ 15ന് മുമ്പും, കിഴക്കമ്പലം - പട്ടിമറ്റം റോഡിന്റെ ജോലികൾ 30ന് മുമ്പും, പത്താംമൈൽ - പട്ടിമറ്റം റോഡിന്റെ ജോലികൾ 10ന് മുമ്പുംപൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പട്ടിമറ്റം - പത്താംമൈൽ റോഡിന്റെ ജോലികൾ 30ന് മുമ്പായി തീർത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറുമെന്ന് യോഗത്തിൽ ധാരണയായി.