സ്റ്റേഡിയത്തെ ചൊല്ലി അടിയോടടി
കൊച്ചി: കേരള ബ്ളാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നുവെന്ന പ്രചാരണങ്ങൾക്കിടെ ടീം മാനേജ്മെന്റിനെതിരെ കടുത്ത ആരോപണങ്ങളുമായി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഉടമകളായ വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) രംഗത്തെത്തി.
ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്നതും ജി.സി.ഡി.എയെ അപകീർത്തിപ്പെടുത്തുന്നതുമായ വാർത്തകളാണ് ബ്ലാസ്റ്റേഴ്സ് പ്രചരിപ്പിക്കുന്നത്.
ഇതിന് പിന്നിലെ താത്പര്യം എന്താണെന്ന് പരിശോധിക്കണമെന്ന് ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി.സലിം പറഞ്ഞു.
ജി.സി.ഡി.എ പറയുന്നത്
2017 ൽ ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പിന് അന്തർദേശീയ നിലവാരത്തിൽ 24 കോടി രൂപ ചെലവഴിച്ച് പുനരുദ്ധരിച്ചതാണ് സ്റ്റേഡിയം. അതിന് തൊട്ടു പിന്നാലെ ഐ.എസ്.എൽ നാലാം സീസൺ അരങ്ങേറി. അന്നു മുതൽ കേരള ബ്ലാസ്റ്റേഴ്സിനല്ലാതെ മറ്റൊരു പരിപാടിക്കും സ്റ്റേഡിയം വിട്ടു നൽകിയിട്ടില്ല. നാലാം സീസണിലെ ഒമ്പതു മാച്ചുകൾ കഴിഞ്ഞപ്പോൾ സ്റ്റേഡിയത്തിലെ സംവിധാനങ്ങൾക്കുണ്ടായ കേടുപാടുകൾ ബ്ളാസ്റ്റേഴ്സ് ഒഫീഷ്യലുകളുമായി ചേർന്ന് വിലയിരുത്തി. 53.7 ലക്ഷം രൂപയുടേതായിരുന്നു നഷ്ടം. ഇതിൽ 24 ലക്ഷം രൂപ മാത്രമാണ് ബ്ലാസ്റ്റേഴ്സ് അടച്ചത്. അഞ്ചാം സീസൺ കഴിഞ്ഞപ്പോൾ കേടുപാടുകൾ വീണ്ടും വിലയിരുത്തി മുൻ ബാധ്യതകൂടി ചേർത്തപ്പോൾ 48.89 ലക്ഷം രൂപയായി. ആറാം സീസൺ ആരംഭിക്കുന്നതിന് മുമ്പ് കേടുപാടുകൾ ബ്ളാസ്റ്റേഴ്സ് പരിഹാരിക്കാമെന്ന് രേഖാമൂലം ഉറപ്പു നൽകിയതോടെ മത്സരത്തിന് അനുമതി നൽകി. എന്നാൽ, ബ്ളാസ്റ്റേഴ്സ് മാനേജ്മെന്റ് വാക്ക് പാലിച്ചില്ല. പകരം സ്റ്റേഡിയത്തിലെ തകരാറുകളുടെ ചിത്രമെടുത്ത് പ്രദർശിപ്പിച്ചു. മത്സരം തുടങ്ങുന്നതിന് മുമ്പേ കരാറിൽ ഏർപ്പെടണമെന്നുണ്ട്. രണ്ടു മത്സരങ്ങൾ കഴിഞ്ഞിട്ടും ബ്ളാസ്റ്റേഴ്സ് കരാറിൽ ഏർപ്പെട്ടിട്ടില്ല. ഈ സീസണിൽ ഒരു മാച്ചിന് ആറു ലക്ഷം രൂപയാണ് വാടക. കുടിശ്ശിക ഇനത്തിൽ 2.16 ലക്ഷം രൂപ നൽകാനുണ്ട്. ഇത്തരം മോശമായ സമീപനമുണ്ടായിട്ടും കളി തടസപ്പെടുത്താൻ ജി.സി.ഡി.എ തയ്യാറായിട്ടില്ല.
സ്റ്റേഡിയം പരിപാലനത്തിന് പ്രതിവർഷം ഏഴു കോടി രൂപ ചെലവിടുന്നുവെന്ന പ്രചാരണം എന്ത് അടിസ്ഥാനത്തിലാണെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കണം. കഴിഞ്ഞ സീസണിൽ വാടക ഇനത്തിൽ ഒമ്പതു മത്സരങ്ങൾക്കായി 45 ലക്ഷം രൂപയും മൈതാനം പരിപാലനത്തിനായി 23 ലക്ഷം രൂപയും വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് ഉൾപ്പെടെ 73ക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്സ് ചെലവിട്ടത്.
ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെടുന്ന എല്ലാ സൗകര്യങ്ങളും ജി.സി.ഡി.എ നൽകുന്നുണ്ട്. ഗോൾ കീപ്പിംഗ് സെക്ഷനായി ഒരു മാസക്കാലവും ,സെലക്ഷൻ ട്രയലിനായി അഞ്ചു ദിവസവും സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകി. പ്രതിദിനം 1.10 ലക്ഷം രൂപ വാടക ലഭിക്കുന്ന മുൻവശത്തെ മൈതാനം കളി നടക്കുന്ന ദിവസങ്ങളിൽ സൗജന്യമായി കൈമാറി.
ജി.സി.ഡി.എ ഒരു കോടി രൂപ സെക്യൂരിട്ടി ഡെപ്പോസിറ്റായി വാങ്ങുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. വാടകയ്ക്ക് നൽകുന്ന ചെറുതും വലുതുമായ എല്ലാ സംവിധാനങ്ങൾക്കും സെക്യൂരിട്ടി ഡിപ്പോസിറ്റ് വാങ്ങുന്നുണ്ട്. 48.89 ലക്ഷം രൂപയുടെ കേടുപാടുകൾ ബ്ളാസ്റ്റേഴ്സ് പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ ഡെപ്പോസിറ്റ് വാങ്ങുന്ന രീതിയെ സാധൂകരിക്കുന്നു. പത്തു ലക്ഷം രൂപ ബ്ലാസ്റ്റേഴ്സിന് നൽകാനുണ്ടെന്ന പ്രചാരണം ശരിയല്ല.
കോംപ്ലിമെന്ററി പാസുകൾ ജി.സി.ഡി.എ നിർബന്ധിച്ചു വാങ്ങുന്നുവെന്ന ആക്ഷേപം ശരിയല്ല. ബ്ളാസ്റ്റേഴ്സ് നിർദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്ക് പാസുകൾ നൽകുന്നുവെന്ന ഉത്തരവാദിത്വം മാത്രമാണ് ജി.സി.ഡി.എ നിർവഹിക്കുന്നത്. ഭീമമായ നഷ്ടം വരുത്തുന്നുവെങ്കിൽ പാസ് ജി.സി.ഡി.എയ്ക്ക് നൽകേണ്ടതില്ല.
ബ്ലാസ്റ്റേഴ്സിന്റെ അധീനതയിൽ എപ്പോൾ വേണമെങ്കിലും ടൂർണമെന്റ് നടത്തായ പറ്റിയ സ്റ്റേഡിയമുണ്ടെന്ന് ജി.സി.ഡി.എയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയാണ് അവർ ഐ.എസ്.എല്ലിന്റെ ഭാഗമായത്. കഴിഞ്ഞ അഞ്ചു സീസണിലും ഇല്ലാത്ത വിവാദങ്ങളാണ് ബ്ളാസ്റ്റേഴ്സ് ഇപ്പോൾ ബോധപൂർവം ഉയർത്തുന്നത്. ഇതിന് പിന്നിലെ താത്പര്യം വ്യക്തമാക്കണം. എല്ലാ സഹകരണവും നൽകിയിട്ടും തെറ്റായ പ്രചാരണം നടത്തുന്നത് പ്രതിഷേധാർഹകമാണ്.