ആലുവ: ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ കിരീടം നിലനിർത്തി. വിവിധ ഇനങ്ങളിലായി 550 പോയിന്റാണ് വിദ്യാധിരാജ നേടിയത്.
രണ്ടാം സ്ഥാനത്തുള്ള കളമശേരി രാജഗിരി ഹൈസ്‌കൂളിന് 420 പോയിന്റും മൂന്നാം സ്ഥാനക്കാരായ ആലുവ നിർമ്മല എച്ച്.എസ്.എസിന് 330 പോയിന്റുമാണ്ലഭിച്ചത്. സംസ്കൃതോത്സവത്തിൽ 173 പോയിന്റുമായി വിദ്യാധിരാജ വിദ്യാഭവനും അറബി കലോത്സവത്തിൽ 156 പോയിന്റുമായി ആലുവ ഇസ്ലാമിക് സ്കൂളും ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം ആലുവ ഗേൾസ് എച്ച്.എസ്.എസും (134), മൂന്നാം സ്ഥാനം ശ്രീമൂലനഗരം അകവൂർ സ്കൂളി (118)നുമാണ്. സമാപന സമ്മേളനം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ സമ്മാനദാനം നിർവഹിച്ചു.
#വിവിധ കാറ്റഗറിയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച സ്‌കൂളുകളും ലഭിച്ച പോയിന്റും ചുവടെ.
എൽ.പി വിഭാഗം: വിദ്യാധിരാജ ആലുവ (63), രാജഗിരി കളമശേരി (63), ഇൻഫന്റ് ജീസസ് കാക്കനാട് (61)
യു.പി വിഭാഗം: വിദ്യാധിരാജ ആലുവ (69), സെന്റ് ജോസഫ് ചെങ്ങൽ (66), സെന്റ് ജോസഫ് ചുണങ്ങംവേലി (65). എച്ച്.എസ് വിഭാഗം: വിദ്യാധിരാജ ആലുവ (192), രാജഗിരി കളമശേരി (156), നിർമ്മല ആലുവ (138)
എച്ച്.എസ്.എസ് വിഭാഗം: വിദ്യാധിരാജ ആലുവ (226), രാജഗിരി കളമശേരി (142)
ഹൈസ്‌കൂൾ വിഭാഗം (സംസ്‌കൃതം): വിദ്യാധിരാജ ആലുവ (85), ഹോളിഗോസ്റ്റ് തോട്ടക്കാട്ടുകര (55), അകവൂർ
ഹൈസ്‌കൂൾ ശ്രീമൂലനഗരം (41).
യു.പി വിഭാഗം (സംസ്‌കൃതം): വിദ്യാധിരാജ ആലുവ (88), അകവൂർ ഹൈസ്‌കൂൾ ശ്രീമൂലനഗരം (74), ഹോളിഗോസ്റ്റ് തോട്ടക്കാട്ടുകര (60).
എൽ.പി (അറബി): ദാറുസലാം ചാലക്ക (45), സെന്റ്‌ജോസഫ് ചെങ്ങൽ (43), ഗവ. ഹൈസ്‌കൂൾ നൊച്ചിമ (43), ഇസ്ലാമിക് ആലുവ (41), ഗവ. എൽ.പി.എസ് തൃക്കാക്കര (41), കെ.എൻ.എം എടത്തല (41).
യു.പി വിഭാഗം (അറബി): കെ.എൻ.എം എടത്തല (63), ഇസ്ലാമിക് ആലുവ (59), അകവൂർ എച്ച്.എസ് ശ്രീമൂലനഗരം (51).
എച്ച്.എസ് വിഭാഗം (അറബി): ഗവ. ജി.എച്ച്.എസ് ആലുവ (75), അകവൂർ ഹൈസ്‌കൂൾ ശ്രീമൂലനഗരം (67), ഇസ്ലാമിക് സ്കൂൾ ആലുവ (56).
സൗണ്ട് പണിമുടക്കി:സമാപന സമ്മേളനം നീണ്ടു
ആലുവ: ഉപജില്ലാ കലോത്സവത്തിൽ ടൗൺ ഹാളിൽ നടന്ന അവസാന മത്സര ഇനത്തിൽ സൗണ്ട് സിസ്റ്റം പണിമുടക്കിയത് പ്രതിഷേധത്തിനിടയാക്കി. സമാപന സമ്മേളനവും നീണ്ടു. ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുടെ വൃന്ദവാദ്യമാണ് അലങ്കോലമായത്. അഞ്ച് സ്കൂളുകളാണ് മത്സരത്തിനുണ്ടായത്. വൈകിട്ട് 6 ന് തുടങ്ങി 7.30 അവസാനിക്കേണ്ടതായിരുന്നു. രണ്ടാമത്തെ ടീമായ വിദ്യാധിരാജയിലെ കുട്ടികൾ വേദിയിൽ കയറിയതോടെ മൈക്ക് പണിമുടക്കുകയായിരുന്നു. വാദ്യമേളങ്ങൾ ഉപയോഗിക്കാൻ ശേഷിയുള്ള സൗണ്ട് സംവിധാനം സംഘടക സമിതി ഏർപ്പെടുത്തിയിരുന്നില്ല. മത്സരത്തിനിടെ മൂന്ന് വട്ടം ശബ്ദസംവിധാനം നിലച്ചു. ഇതോടെ മത്സരാർത്ഥികളുടെ രക്ഷിതാക്കളും പരിശീലകരും അദ്ധ്യാപകരുമെല്ലാം പ്രതിഷേധവുമായി വേദിക്ക് മുമ്പിലെത്തി. വീണ്ടും അവസരം നൽകാൻ കഴിയില്ലെന്ന് ചിലർ നിലപാടെടുത്തത് കൂടുതൽ ബഹളത്തിനിടയാക്കി.
ഒടുവിൽ എ.ഇ.ഒ ഷൈല പാറപ്പുറത്തിന്റെ നിർദ്ദേശപ്രകാരം അപാകത പരിഹരിച്ച് വീണ്ടും അവസരം നൽകിയതോടെയാണ് ബഹളം അവസാനിച്ചത്.