കൊച്ചി: സൗരോർജ്ജത്തിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഇതിനുള്ള ടെൻഡർ നടപടി തുടങ്ങി. കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടക്കുന്ന ക്രീപ ഗ്രീൻ പവർ എക്‌സ്‌പോയുടെ ഭാഗമായി നടന്ന സ്‌കിൽ ബിൽഡ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവിൽ 200 മെഗാവാട്ട് വൈദ്യുതി സൗരോർജ്ജത്തിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഉത്പാദനം ആയിരം മെഗാവാട്ടിലെത്തിക്കേണ്ടത് അനിവാര്യമാണ്. ആവശ്യമായ 30 ശതമാനം വൈദ്യുതി മാത്രമേ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുള്ളു. ഈ സ്ഥിതിക്ക് മാറ്റം വരണമെങ്കിൽ പുതിയ മാർഗങ്ങൾ തേടണം.ജലവൈദ്യുതിയുടെ സാധ്യത പരിമിതമായതിനാൽ സൗരോർജ്ജം ഉൾപ്പെടെയുള്ള നവീന മാർഗങ്ങളെ ആശ്രയിക്കാതെ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
എസ്.ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ഷാജി, അനർട്ട് പ്രോഗ്രാം ഓഫീസർ ജോസഫ് ജോർജ്ജ്, ഊർജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി അശോക്, ക്രീപ പ്രസിഡന്റ് ജോസ് കല്ലൂക്കാരൻ, ക്രീപ സെക്രട്ടറി സി.എം.വർഗീസ്, ക്രീപ വൈസ് പ്രസിഡന്റ് കെ.എൻ. അയ്യർ, ജോയിന്റ് സെക്രട്ടറി ശിവരാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.