1
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ നടത്തിയ സത്യഗ്രഹ സമരം ജില്ലാ പഞ്ചായത്തംഗം അഡ്വ: കെ.എൻ.സുഗതൻ ഉദ്ഘാടനം ചെയ്യുന്നു. ജി.മോട്ടിലാൽ, സി.എ.അനീഷ്, ബിന്ദു രാജൻ, പി.അജിത്ത്, എസ്.കെ.എം.ബഷീർ, ശ്രീജി തോമസ്, വി.കെ.ജിൻസ്, കെ.കെ.ശ്രീജേഷ്, ഹുസൈൻ പതുവന തുടങ്ങിയവർ സമീപം.

തൃക്കാക്കര: കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ ജില്ലാ കളക്ട്രേറ്റിന് മുന്നിൽ സത്യഗ്രഹ സമരം നടത്തി. രാവിലെ 10 മുതൽ 4 വരെയായിരുന്നു സത്യാഗ്രഹ സമരം ജില്ലാ പഞ്ചായത്തംഗം കെ.എൻ.സുഗതൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാൽ, സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ.അനീഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബിന്ദു രാജൻ, പി.അജിത്ത്, എസ്.കെ.എം.ബഷീർ, സമരസമിതി ജില്ലാ കൺവീനർ ഹുസൈൻ പതുവന തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.ജിൻസ് അദ്ധ്യക്ഷനായി.

2013 ന് ശേഷം ഒന്നര ലക്ഷത്തോളം വരുന്ന ജീവനക്കാർ ഇതിനോടകം പങ്കാളിത്ത പെൻഷന്റെ ഭാഗമായി മാറുകയും, നിരവധി ജീവനക്കാർ ഈ പെൻഷൻ പദ്ധതിയുടെ ഭാഗമായി സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തു. ഓഹരി കമ്പോളത്തിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമായി മാത്രം ലഭിക്കുന്ന പെൻഷൻ, പട്ടിണി മാറ്റാൻ പര്യാപ്തമല്ലെന്ന് ബോധ്യമായിരിക്കുന്നു. ജോയിന്റ് കൗൺസിൽ ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകൾ എന്താണോ പങ്കാളിത്ത പെൻഷനെക്കുറിച്ച് പറഞ്ഞത്, അത് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുമെന്ന് എൽ.ഡി.എഫ് വാഗ്ദാനം അടിയന്തിരമായി നടപ്പിലാക്കണമെന്നും, ജോയിന്റ് കൗൺസിൽ ആവശ്യപ്പെടുന്നു.