കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ അഞ്ചിന് പ്രതിഷേധ ധർണ നടത്താൻ ഡി.സി.സി യോഗം തീരുമാനിച്ചു.കേന്ദ്രനയങ്ങൾക്കും വാളയാറിൽ പെൺകുട്ടികൾ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട കേസിലെ പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ച സംസ്ഥാന സർക്കാരിനെതിരെയുമാണ് പ്രതിഷേധം. അഞ്ചിന് രാവിലെ 10 മണിക്ക് രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്ക്വയറിലാണ് ധർണ.
ബി.പി.സി.എൽ സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ആറിന് എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കരിദിനം ആചരിക്കും. 10ന് സായാഹ്ന ധർണ നടത്തും. 23ന് തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിന്ന് ബി.പി.സി.എല്ലിലേക്ക് ലോംഗ് മാർച്ച്. കേന്ദ്ര സർക്കാരിന്റെ ആർ.സി.ഇ.പി കരാറിനെതിരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ കാർഷിക സെമിനാർ നടത്തും.
ഡി.സി.സിയിൽ ചേർന്ന നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.ബാബു, എൻ.വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, വി.ജെ.പൗലോസ്, കെ.പി.ധനപാലൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.