കൊച്ചി: രോഗശമനത്തിന് സംഗീതം എന്ന വിഷയത്തിൽ ഗവേഷണം നടത്താൻ തയ്യാറുള്ളവർക്ക് സഹായം നൽകാൻ കോഴിക്കോട്ടെ തന്റെ സ്ഥാപനം തയ്യാറാണെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. ഏത് രാഗം, താളം ഏത് രോഗത്തിനെ സ്വാധീനിക്കുന്നുവെന്ന് ഗവേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റിൽ അൽഷിമേഴ്‌സിനെക്കുറിച്ച് നടക്കുന്ന രാജ്യാന്തര സമ്മേളനം ഉദ്‌ബോധിൽ അൽഷിമേഴ്‌സ് രോഗത്തിന് സംഗീത ചികിത്സ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കൈതപ്രം. രാഗവും രോഗവും സമയവും തമ്മിൽ ബന്ധമുണ്ട്. രക്തസമ്മർദ്ദം, ഉറക്കമില്ലായ്മ, എന്നിവയ്ക്ക് സംഗീതം ശമനം നൽകുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. മനസിനെ ഏകാഗ്രമാക്കാൻ സംഗീതം സഹായിക്കുന്നു. താൻ രോഗക്കിടക്കയിലായിരുന്നപ്പോൾ ദക്ഷിണാമൂർത്തി സ്വാമികൾക്ക് വേണ്ടി അഞ്ച് പാട്ടുകൾ എഴുതി രോഗത്തെ തോൽപിക്കാൻ ശ്രമിച്ച കാര്യവും കൈതപ്രം അനുസ്മരിച്ചു.