ആലുവ: എടത്തല പഞ്ചായത്തിൽ താത്കാലിക ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തിൽ ഇന്റർവ്യൂ ബോർഡംഗമായി പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. 179 ദിവസത്തേക്കാണ് രണ്ട് ജീവനക്കാരെ താത്കാലികമായി എടത്തലയിൽ ജോലിക്ക് എടുക്കുന്നത്. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന് എതിരായാണ് പ്രസിഡന്റ് സാജിത സിദ്ധീഖ് പങ്കെടുത്തതെന്ന് പ്രതിപക്ഷ നേതാവ് മായാദാസൻ ആരോപിച്ചു. പഞ്ചായത്തിലെ ഉദ്യോഗസ്ഥരടക്കം ഇന്റർവ്യൂവിൽ നിന്ന് പ്രസിഡന്റിനോട് വിട്ട് നിൽക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് മായാദാസൻ പറഞ്ഞു.
അതേ സമയം താത്കാലിക ജീവനക്കാരെ സ്ഥിരമായി നിലനിർത്തുന്നത് സംബന്ധിച്ച് എടത്തല പഞ്ചായത്തിനെതിരെ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്ന് സ്വതന്ത്രാംഗം കെ.ആർ. രജി പ്രകാശ് പറഞ്ഞു. ജില്ല എംപ്ലോയ്‌മെന്റ് ഓഫീസർ പഞ്ചായത്തിൽ പരിശോധന നടത്തി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നാണ് നിർദ്ദേശം. രാഷ്ട്രീയ താത്പര്യം മുൻനിറുത്തിയാണ് നേരിട്ട് താത്കാലിക ജീവനക്കാരെ തിരഞ്ഞെടുത്തതെന്നും രജി പ്രകാശ് ആരോപിച്ചു.

ഇന്റർവ്യൂ തടസപ്പെടുത്താൻ ശ്രമമെന്ന് പ്രസിഡന്റ്
രണ്ട് എൽ.ഡി.എഫ്. വാർഡംഗങ്ങളും സ്വതന്ത്രാംഗവും ചേർന്ന് എടത്തല പഞ്ചായത്തിലെ താത്കാലിക ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ തടസപ്പെടുത്താൻ ശ്രമിച്ചെന്ന് പ്രസിഡന്റ് സാജിത സിദ്ധീഖ് ആരോപിച്ചു. ഉദ്യോഗസ്ഥരോടും ഇന്റർവ്യൂവിനെത്തിയവരോടും മൂവരും തട്ടിക്കയറി. പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ അംഗങ്ങൾ ഇരുന്ന് ഇന്റർവ്യൂ തടസപ്പെടുത്തിയതോടെയാണ് താൻ ഇടപെട്ടത്. സുഗമമായി ഇൻർവ്യൂ നടത്താനാണ് താൻ ബോർഡിൽ പങ്കെടുത്തതെന്നും അവർ പറഞ്ഞു.