നെടുമ്പാശേരി: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 67കാരനായ മുത്തച്ഛനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് തേറാട്ടിക്കുന്നിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലത്തെി വസ്ത്രം മാറുന്നതിനിടെ പീഡിപ്പിച്ചുവെന്നാണ് കുട്ടി മൊഴി. സഹപാഠികളോടും ട്യൂഷനെടുക്കുന്ന ടീച്ചറോടും സംഭവം പറഞ്ഞതോടെ കാക്കനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രശ്നത്തിൽ ഇടപ്പെട്ടു. സി.ഡബ്യു.സി അധികൃതർ ബന്ധപ്പെടുകയും വനിത പൊലീസടക്കം രാത്രിയോടെ വീട്ടിലത്തെി കുട്ടിയുടെ മൊഴിയെടുത്തു. വധഭീഷണിയുള്ളതിനാൽ വീട്ടിൽ കഴിയാൻ ഭയമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് കുട്ടിയെ മൂക്കന്നൂർ ബാലഭവൻ അഭയകേന്ദ്രത്തിലത്തെിച്ചു.
കുട്ടിയുടെ പിതാവ് അങ്കമാലി മൂക്കന്നൂർ സ്വദേശിയാണ്. അമ്മ ഒരു വർഷം മുമ്പ് വീട്ടുജോലിക്ക് പോയി. തുടർന്നാണ് പഠനവും സംരക്ഷണവും ലക്ഷ്യമാക്കി പെൺകുട്ടിയെയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന സഹോദരനും വല്യച്ചനും അമ്മാമ്മയും മാത്രം താമസിക്കുന്ന വീട്ടിലത്തെിച്ചത്. വീട്ടിൽ ആരുമില്ലാത്ത പകൽ സമയങ്ങളിലായിരുന്നു കൂടുതലായും പീഡനം. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രഗീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.