shopping
എടത്തല കുഞ്ചാട്ടുകര കവലയിൽ പഴക്കംചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് സുരക്ഷ ക്രമീകരണം ഒരുക്കുന്നു

ആലുവ: എടത്തല കുഞ്ചാട്ടുകര കവലയിൽ പഴക്കം ചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു. കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവരെല്ലാം ഓടിമാറിയതിനാൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഏകദേശം 1500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ രണ്ട് നിലയിലായി എട്ട് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. മുകളിലെ നിലയുടെ പിൻവശമാണ് കോൺക്രീറ്റ് ഭാഗം ഉൾപ്പെടെ ഇടിഞ്ഞത്. ശബ്ദം കേട്ട് താഴത്തെ കടകളിൽ ഉണ്ടായിരുന്നവർ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഏകദേശം 35 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. അടുത്തകാലത്ത് കെട്ടിട ഉടമ കടകളുടെ മുൻവശം ബലപ്പെടുത്തിയെങ്കിലും പിൻവശം അറ്റകുറ്റപ്പണി നടത്തിയില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ കുതിർന്നാണ് കെട്ടിടം അപകടത്തിൽപ്പെട്ടതെന്നാണ് നിഗമനം.

ഇടിഞ്ഞ കെട്ടിടത്തിന്റെ തൊട്ടുപിന്നിൽ 20ഓളം ഇതരസംസ്ഥാനക്കാരും താമസിക്കുന്നുണ്ട്. ഇവരും ഓടി രക്ഷപ്പെടുകയായിരുന്നു. കുഞ്ചാട്ടുകര വടശേരി സ്വദേശി ശശിയുടേതാണ് കെട്ടിടം. ആലുവയിൽ നിന്നും ഫയർഫോഴ്സും എടത്തല പൊലീസും സ്ഥലത്തെത്തി ആളുകളെ മാറ്റി സുരക്ഷാ ക്രമീകരണങ്ങൾ നടത്തുകയാണ്.